ഖത്തർ: 50000 റിയാലിനു മുകളിൽ മൂല്യമുള്ള വസ്തുക്കൾ, പണം എന്നിവയ്ക്ക് കസ്റ്റംസ് ഡിക്ലറേഷൻ നിർബന്ധം

GCC News

50000 റിയാലോ, അതിനുമുകളിലോ മൂല്യമുള്ള ഖത്തർ കറൻസി, തത്തുല്യ മൂല്യമുള്ള വിദേശ കറൻസി, വസ്തുക്കൾ, രത്നക്കല്ലുകൾ, ലോഹങ്ങൾ എന്നിവയുമായി ഖത്തറിലേക്കോ, ഖത്തറിൽ നിന്ന് വിദേശത്തേക്കോ സഞ്ചരിക്കുന്ന യാത്രികർ നിർബന്ധമായും, ഇവ സംബന്ധിച്ച് സത്യവാങ്‌മൂലത്തിൽ വെളിപ്പെടുത്തേണ്ടതാണെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് (GAC) അറിയിച്ചു. ഇത്തരം വസ്തുക്കളുമായി സഞ്ചരിക്കുന്നവർ ഇവയുടെ മൂല്യം, മറ്റുവിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന കസ്റ്റംസ് ഡിക്ലറേഷൻ ഫോം നിർബന്ധമായും പൂരിപ്പിച്ച് നൽകേണ്ടതാണ്.

ഇത്തരത്തിൽ നൽകുന്ന സത്യവാങ്‌മൂലത്തിൽ തെറ്റായതോ, വ്യാജമായതോ ആയ വിവരങ്ങൾ നൽകുന്നതും, അധികൃതർ ആവശ്യപ്പെടുന്ന മുഴുവൻ വിവരങ്ങളും നൽകാതിരിക്കുന്നതും പിഴ, തടവ് എന്നീ ശിക്ഷാ നടപടികളിലേക്ക് നയിക്കാവുന്നതാണെന്നും കസ്റ്റംസ് വ്യക്തമാക്കി. ഇതിനു പുറമെ ഇത്തരം വസ്തുക്കൾ, കറൻസി എന്നിവ പിടിച്ചെടുക്കപ്പെടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

കസ്റ്റംസ് ഡിക്ലറേഷൻ ഫോമിനോടൊപ്പം അനുബന്ധ രേഖകളായ ഷിപ്പ്മെന്റ്, ഇൻവോയ്‌സ്‌ രേഖകൾ സമർപ്പിക്കേണ്ടതാണ്. രാജ്യത്ത് കള്ളപ്പണ ഇടപാടുകൾ തടയുന്നതിനും, ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പണമിടപാടുകൾ തടയുന്നതിനുമായി ഏർപ്പെടുത്തിയിട്ടുള്ള നിയമങ്ങൾക്കനുസരിച്ചാണ് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കുന്ന സംവിധാനം നടപ്പിലാക്കുന്നത്.

രാജ്യത്തിനകത്തേക്കും, പുറത്തേക്കും വാണിജ്യ ആവശ്യങ്ങൾക്കായി കറൻസി നോട്ടുകൾ കൊണ്ടുവരുന്നവർ, ഖത്തർ സെൻട്രൽ ബാങ്കിൽ നിന്നുള്ള മുൻ‌കൂർ അനുവാദം നേടണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾ, ഇത്തരം പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്തേക്ക് കൊണ്ടുവരുന്ന എല്ലാ വസ്തുക്കൾ സംബന്ധിച്ചും, ഖത്തറിലെ ചാരിറ്റബിൾ ആക്ടിവിറ്റീസ് റെഗുലേറ്ററി അതോറിറ്റിയുടെ അനുവാദം ഉറപ്പാക്കേണ്ടതാണ്.