രാജ്യത്തെ സ്വകാര്യ മേഖലയിലെ ചെറുകിട സ്ഥാപനങ്ങളിൽ (സ്മാൾ, മൈക്രോ വിഭാഗം ഉൾപ്പടെ) വേജ് പ്രൊട്ടക്‌ഷൻ സിസ്റ്റം (WPS) പൂർണ്ണമായും നടപ്പിലാക്കുന്നതിനുള്ള സമയപരിധി 2024 മാർച്ച് 9-ന് അവസാനിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം ഓർമ്മപ്പെടുത്തി. 2024 ജനുവരി 14-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇത്തരം സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാക്കുന്നതിന് ഇനി 55 ദിവസം മാത്രമാണ് ബാക്കിയുള്ളതെന്ന് ഓർമ്മപ്പെടുത്തിയ മന്ത്രാലയം ഇത്തരം സ്ഥാപനങ്ങളോട് WPS സംവിധാനത്തിൽ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്. ഒമാനിലെ വലിയ, ഇടത്തരം സ്ഥാപനങ്ങളിൽ ഈ തീരുമാനം പൂർണ്ണമായും നടപ്പിലാക്കുന്നതിന് അനുവദിച്ചിരുന്ന സമയപരിധി 2024 ജനുവരി 9-ന് അവസാനിച്ചിരുന്നു.
രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിലാളികൾക്ക് വേതനം ഉറപ്പ് വരുത്തുന്നതിനുള്ള സംവിധാനമായ WPS നടപ്പിലാക്കാൻ തീരുമാനിച്ച് കൊണ്ട് 2023 ജൂലൈ 9-ന് ഒമാൻ തൊഴിൽ മന്ത്രാലയം പുറത്തിറക്കിയ ‘7/2023’ എന്ന ഒരു ഔദ്യോഗിക വിജ്ഞാപനം അടിസ്ഥാനമാക്കിയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഈ തീരുമാനം അനുസരിച്ച് ഒമാനിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളും നിർബന്ധമായും WPS നടപ്പിലാക്കണമെന്ന് ഈ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഉത്തരവ് അനുസരിച്ച്, തൊഴിലാളികളുടെ വേതനം, ശമ്പളത്തീയതി മുതൽ ഏഴ് ദിവസത്തിനകം, ഒമാനിൽ പ്രവർത്തിക്കുന്ന ഏതെങ്കിലും ലൈസൻസുള്ള പ്രാദേശിക ബാങ്കിലെ അവരുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യേണ്ടതാണ്. ഒമാൻ തൊഴിൽ മന്ത്രാലയം, സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ എന്നിവർ സംയുക്തമായാണ് ഈ ഇലക്ട്രോണിക് WPS സംവിധാനം നടപ്പിലാക്കുന്നത്.