രാജ്യത്തെ ഷോപ്പിംഗ് മാളുകളിലെ ഏതാനം വിഭാഗങ്ങളൊഴികെയുള്ള തൊഴിലുകളിൽ 100 ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം 2021 ഓഗസ്റ്റ് 4, ബുധനാഴ്ച്ച മുതൽ രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നതായി സൗദി അധികൃതർ അറിയിച്ചു. മാളുകളിലെ ഏതാനം തൊഴിലുകൾ ഒഴികെ, മാൾ മാനേജ്മന്റ് ഓഫീസുകളിലെ പദവികൾ ഉൾപ്പടെ ഭൂരിഭാഗം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റിന്റെ ഔദ്യോഗിക തീരുമാനമാണ് ഓഗസ്റ്റ് 4 മുതൽ പ്രാബല്യത്തിൽ വന്നത്.
ഇതോടെ രാജ്യത്തെ ഷോപ്പിംഗ് മാളുകളിലെ ഭൂരിഭാഗം തൊഴിലുകളും സൗദി പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. മാളുകളിലെ ജീവനക്കാർക്ക് ഒരേപോലുള്ള യൂണിഫോം ഏർപ്പെടുത്തുന്നതിനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
മാളുകളിലെ ശുചീകരണ തൊഴിലുകൾ, സാധനങ്ങളുടെ കയറ്റിറക്ക് തൊഴിലുകൾ, വിനോദത്തിനും, ഉല്ലാസത്തിനുമുള്ള സേവനങ്ങളുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ, ബാർബർഷോപ്പുകളിലെ തൊഴിലുകൾ എന്നിവയിൽ മാത്രമാണ് ഈ 100 ശതമാനം സ്വദേശിവത്കരണ തീരുമാനത്തിൽ ഇളവ് അനുവദിച്ചിരിക്കുന്നത്. എന്നാൽ മാളുകളിലെ ആകെ ജീവനക്കാരുടെ എണ്ണത്തിന്റെ 20 ശതമാനത്തിൽ താഴെ വിദേശി തൊഴിലാളികളെ മാത്രമാണ് ഇത്തരം ഇളവുകളുള്ള തൊഴിലുകളിൽ നിയമിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
ഈ തീരുമാനങ്ങൾ സംബന്ധിച്ച വീഴ്ച്ചകൾ വരുത്തുന്ന സ്ഥാപനങ്ങൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രാജ്യത്തെ മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളിലെ ഭൂരിഭാഗം തൊഴിലുകളിലും സ്വദേശിവത്കരണം നടപ്പിലാക്കാനുള്ള തീരുമാനം സൗദി ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്പ്മെന്റ് വകുപ്പ് മന്ത്രി എഞ്ചിനീയർ ആഹ്മെദ് അൽ രജ്ഹി 2021 ഏപ്രിൽ 7-നാണ് പ്രഖ്യാപിച്ചത്. തുടർന്ന് ഈ തീരുമാനം നടപ്പിലാക്കുന്നതിന് 2021 ഓഗസ്റ്റ് 4 വരെ മന്ത്രാലയം സമയം അനുവദിക്കുകയായിരുന്നു.
സൗദി പൗരന്മാർക്ക് 51000 പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നത് ലക്ഷ്യമിട്ടാണ് മന്ത്രാലയം ഈ തീരുമാനം കൈക്കൊണ്ടത്. റെസ്റ്ററന്റുകൾ, കഫേകൾ, ഹൈപ്പർമാർക്കറ്റുകൾ ഉൾപ്പടെയുള്ള പ്രധാനപ്പെട്ട മൊത്ത വിതരണ മാർക്കറ്റുകളിലെ വില്പനകേന്ദ്രങ്ങൾ എന്നിവയിലെ സ്വദേശിവത്കരണത്തിന്റെ തോത് ഉയർത്താനും ഇതോടൊപ്പം മന്ത്രാലയം തീരുമാനിച്ചിരുന്നു.