രാജ്യത്തെ നിവാസികൾക്ക് തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖയായി തവക്കൽന ആപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ ഐഡി ഉപയോഗിക്കാമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 25-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
സൗദി ആഭ്യന്തര മന്ത്രാലയവും, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റിയും (SDAIA) ചേർന്നാണ് തവക്കൽന ആപ്പിൽ ഈ ഡിജിറ്റൽ ഐഡന്റിറ്റി പദ്ധതി ഉൾപ്പെടുത്തിയിട്ടുള്ളത്. തിരിച്ചറിയൽ രേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റുന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതിയ്ക്ക് രൂപം നൽകിയത്.
ഈ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പൗരന്മാർക്കും, പ്രവാസികൾക്കും തങ്ങളുടെ തിരിച്ചറിയൽ രേഖ തവക്കൽന ആപ്പിൽ ലഭ്യമാകുന്നതാണ്. തവക്കൽന ആപ്പിൽ ലഭ്യമാക്കുന്ന ഡിജിറ്റൽ ഐഡി അബ്ഷിർ ഇൻഡിവിഡ്വൽ ആപ്പിൽ ലഭ്യമാകുന്ന ഐഡിയ്ക്ക് സമാനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.