2021 മാർച്ച് 26 മുതൽ വെള്ളി, ശനി ദിവസങ്ങളിൽ ദോഹ മെട്രോയുടെ പ്രവർത്തന ശേഷി 20 ശതമാനമാക്കി നിയന്ത്രിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി. COVID-19 വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ തിരികെ ഏർപ്പെടുത്താനുള്ള ഖത്തർ ക്യാബിനറ്റിന്റെ തീരുമാനത്തെത്തുടർന്നാണ് ഈ നടപടി.
മാർച്ച് 25-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. മാർച്ച് 26 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ വാരാന്ത്യങ്ങളിൽ മെട്രോയുടെ പ്രവർത്തന ശേഷി 20 ശതമാനമാക്കി നിയന്ത്രിക്കുന്നതിനുള്ള തീരുമാനം തുടരുന്നതാണ്. പരമാവധി ശേഷിയുടെ 30 ശതമാനം യാത്രികർക്ക് സേവനങ്ങൾ നൽകുന്ന തരത്തിലാണ് നിലവിൽ മെട്രോ പ്രവർത്തിക്കുന്നത്.
സമൂഹ അകലം ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിച്ച് കൊണ്ടായിരിക്കും മെട്രോ സേവനങ്ങൾ നൽകുന്നതെന്ന് അധികൃതർ ആവർത്തിച്ചു. തിരക്കേറിയ സമയങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കുന്നതിനായി യാത്രികരുടെ ക്യൂ സംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും അധികൃതർ വ്യക്തമാക്കി.
മെട്രോയിൽ ഭക്ഷണപാനീയങ്ങൾക്കേർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ തുടരുമെന്നും അധികൃതർ പൊതുസമൂഹത്തെ ഓർമ്മപ്പെടുത്തി. കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് നിർത്തിവച്ചിരുന്ന ദോഹ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ 2020 സെപ്റ്റംബർ 1 മുതലാണ് ഖത്തർ പുനരാരംഭിച്ചത്.
Cover Photo: @QatarRail