2021 ജൂലൈ 9 മുതൽ ഓഗസ്റ്റ് 13 വരെയുള്ള കാലയളവിൽ എല്ലാ വെള്ളിയാഴ്ച്ചകളിലും ദോഹ മെട്രോ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് ഖത്തർ റെയിൽ അറിയിച്ചു. ഈ കാലയളവിൽ വെള്ളിയാഴ്ച്ചകൾക്ക് പുറമെ, ജൂലൈ 21 മുതൽ ജൂലൈ 24 വരെയുള്ള ദിവസങ്ങളിലും (ഈദുൽ അദ്ഹ അവധി) മെട്രോ സേവനങ്ങൾ നിർത്തിവെക്കുന്നതാണ്.
മെട്രോ സംവിധാനങ്ങൾ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട അറ്റകുറ്റപണികൾക്കായാണ് ഈ ദിവസങ്ങളിൽ മെട്രോ സേവനങ്ങൾ നിർത്തലാക്കുന്നത്. ജൂലൈ 3-നാണ് ഖത്തർ റെയിൽ ഇക്കാര്യം അറിയിച്ചത്.
നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ മെട്രോ ശൃംഖലയിൽ കൂടുതൽ ട്രെയിനുകൾ ഉൾപ്പെടുത്താൻ സാധിക്കുമെന്നും, കൂടുതൽ മെട്രോ സർവീസുകൾ നടത്തുന്നതിന് ഇത് സഹായകമാകുമെന്നും അധികൃതർ വ്യക്തമാക്കി. യാത്രികർക്ക് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് ഒഴിവാക്കുന്നതിനായാണ് നവീകരണ പ്രവർത്തനങ്ങൾക്കായി അവധി ദിനങ്ങൾ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് അധികൃതർ കൂട്ടിച്ചേർത്തു.