സൗദിയിൽ മെയ് 31 മുതൽ ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി

GCC News

മെയ് 31, ഞായറാഴ്ച്ച മുതൽ സൗദിയിൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിച്ചു. സൗദിയുടെ ദേശീയ വിമാന കമ്പനികളാണ് ഈ ഘട്ടത്തിൽ സേവനങ്ങൾ നടത്തുക. COVID-19 വ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ വ്യോമയാന മേഖലയിലെ പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി GACA ചൊവ്വാഴ്ച്ച വ്യക്തമാക്കി.

യാത്രികരുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ ആരോഗ്യ സുരക്ഷാ നടപടികൾ സൗദിയിലെ വിമാനത്താവളങ്ങളിൽ ഒരുക്കിയതായി GACA അറിയിച്ചു. സുരക്ഷിതമായ യാത്രകൾ ഉറപ്പാക്കുന്നതിനായി വിമാനത്താവള അധികൃതരുമായും, വിമാന കമ്പനികളുമായും ചേർന്ന് കൊണ്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നും GACA വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ ആഭ്യന്തര സർവീസുകൾ പടിപടിയായാണ് പുനരാരംഭിക്കുന്നത് എന്നും, രണ്ടാഴ്ചയ്ക്കകം എല്ലാ ആഭ്യന്തര വിമാനത്താവളങ്ങളിലേക്കും സർവീസുകൾ വ്യാപിപ്പിക്കുന്ന വിധത്തിലായിരിക്കും ഇത് നടപ്പിലാക്കുക എന്നും അധികൃതർ അറിയിച്ചു. ഇതിന്റെ ആദ്യ ഘട്ടത്തിൽ റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ട്, ജിദ്ദയിലെ കിംഗ് അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട്, ദമ്മാമിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട്, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട്, ക്വാസിമിലെ പ്രിൻസ് നായിഫ് ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട്, അബഹ ഇന്റർനാഷണൽ എയർപോർട്ട്, തബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട്, ജസാനിലെ കിംഗ് അബ്ദുള്ള ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ട്, ഹൈൽ ഇന്റർനാഷണൽ എയർപോർട്ട്, അൽ ബഹാഹിലെ കിംഗ് സൗദ് എയർപോർട്ട്, നജ്‌റാൻ എയർപോർട്ട് എന്നീ 11 വിമാനത്താവളങ്ങളിൽ നിന്നായിരിക്കും സർവീസുകൾ ആരംഭിക്കുക.

കൊറോണാ വൈറസ് പശ്ചാത്തലത്തിൽ, നിലവിൽ സൗദിയിൽ മാർച്ച് 21 മുതൽ ആഭ്യന്തര വിമാന സർവീസുകൾ നിർത്തലാക്കിയിരിക്കുകയാണ്.