അൽ ഐൻ: അസ്ഥിര കാലാവസ്ഥ; റോഡിൽ ജാഗ്രത പുലർത്താൻ നിർദ്ദേശം

UAE

അൽ ഐൻ നഗരത്തിലുടനീളം നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ റോഡിൽ ജാഗ്രത പുലർത്താൻ അധികൃതർ ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി. 2022 ഓഗസ്റ്റ് 4-ന് വൈകീട്ടാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

വാഹനങ്ങൾ ഉപയോഗിക്കുന്നവർ കാലാവസ്ഥാ അറിയിപ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും, സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. വാഹനങ്ങൾ അമിത വേഗതയിൽ ഉപയോഗിക്കരുതെന്നും, പരമാവധി വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

അൽ ഐനിൽ പെട്ടന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്ക്, വെള്ളപ്പൊക്കം എന്നിവ ഉണ്ടാകാനിടയുള്ള പ്രദേശങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പൊതുജനങ്ങളോട് അബുദാബി പോലീസ് നേരത്തെ നിർദ്ദേശിച്ചിരുന്നു.