സിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നത് സംബന്ധിച്ച് ചില്ലറ വില്പനമേഖലയിൽ അവബോധം വളർത്തുന്നതിനായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) ഒരു പ്രത്യേക പരിപാടിയ്ക്ക് രൂപം നൽകി. 2022 ജൂലൈ 17-ന് അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
‘സ്റ്റെപ്പ് ഇൻ റ്റു സീറോ’ എന്ന ഈ പ്രചാരണ പരിപാടിയിലൂടെ എമിറേറ്റിലെ ചില്ലറ വിൽപ്പനമേഖലയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരമായി സുസ്ഥിരമായ മറ്റു രീതികൾ ഉപയോഗിക്കുന്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നൽകുന്നതിനും, ഇത്തരം രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും EAD ലക്ഷ്യമിടുന്നു. സിംഗിൾ-യൂസ് പ്ലാസ്റ്റിക് ഉപയോഗം തീർത്തും ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ടുള്ള ‘മിഷൻ റ്റു സീറോ’ പദ്ധതിയുടെ ഭാഗമായാണ് ഈ പ്രചാരണം.
സിംഗിൾ-യൂസ് പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഒഴിവാക്കുന്നത് ജീവിതശൈലിയുടെ ഭാഗമാക്കുന്നതിനെക്കുറിച്ചും, ചെറിയ രീതിയിലുള്ള ഷോപ്പിംഗുകൾക്ക് ബാഗുകളുടെ തന്നെ ഉപയോഗം കഴിയുന്നതും ഒഴിവാക്കുന്നതിനെക്കുറിച്ചും അവബോധം ഉളവാക്കുന്ന രീതിയിലാണ് ഈ പ്രചാരണ പരിപാടി തയ്യാറാക്കിയിരിക്കുന്നത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം 2022 ജൂൺ 1 മുതൽ എമിറേറ്റിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.