മദീന എയർപോർട്ടിനെയും, പ്രവാചകന്റെ പള്ളിയെയും തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള പുതിയ ഇലക്ട്രിക് ബസ് സർവീസ് ആരംഭിച്ചു. 2023 ഏപ്രിൽ 6-നാണ് മദീന റീജിയൻ ഡവലപ്മെന്റ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസാണ് ഈ ഇലക്ട്രിക് ബസ് സർവീസ് ഉദ്ഘാടനം ചെയ്തത്. മദീനയിലെ പൊതു ഗതാഗത ബസ് സർവീസുകളുടെ ഭാഗമായാണ് ഈ ഇലക്ട്രിക് ബസുകൾ ആരംഭിച്ചിരിക്കുന്നത്.
മദീന എയർപോർട്ടിനെയും, പ്രവാചകന്റെ പള്ളിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തരം ബസുകൾക്കായുള്ള ഒരു പ്രത്യേക പാതയിലൂടെയായിരിക്കും ഈ ഇലക്ട്രിക് ബസുകൾ സർവീസ് നടത്തുന്നത്. 38 കിലോമീറ്റർ നീളമുള്ളതാണ് ഈ പാത.
ഒറ്റത്തവണ ചാർജ്ജ് ചെയ്താൽ 250 കിലോമീറ്റർ സഞ്ചരിക്കാവുന്ന ഇലക്ട്രിക്ക് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ദിനവും പതിനെട്ട് മണിക്കൂർ കാലയളവിൽ 16 ട്രിപ്പുകൾ നടത്തുന്ന രീതിയിലാണ് ഈ സർവീസ് ഒരുക്കിയിരിക്കുന്നത്.
Cover Image: @MadinaAuthority.