നാഷണൽ സ്റ്റെറിലൈസേഷൻ പ്രോഗ്രാം പൂർത്തിയായെങ്കിലും, എമിറേറ്റിൽ നടപ്പിലാക്കി വരുന്ന തീവ്രമായ COVID-19 പരിശോധനകളുടെ ഭാഗമായി, മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള യാത്രാ നിയന്ത്രണങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. യു എ ഇയിൽ രാജ്യവ്യാപകമായി, COVID-19 പ്രതിരോധത്തിന്റെ ഭാഗമായി നടപ്പിലാക്കി വന്നിരുന്ന ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതായും, ഇതുമായി ബന്ധപ്പെട്ട് യു എ ഇയിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കിയതായും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ഇന്നലെ രാത്രി (ജൂൺ 24) അറിയിച്ചിരുന്നു.
ദേശീയ അണുനശീകരണ യജ്ഞം പൂർത്തിയായതോടെ, അബുദാബി നിവാസികൾക്ക് എമിറേറ്റിൽ നിലവിൽ യാത്രാ നിയന്ത്രണങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് അബുദാബി മീഡിയാ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. എന്നാൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള എല്ലാ യാത്രകൾക്കും അബുദാബി പോലീസിന്റെ പ്രത്യേക അനുവാദം വേണമെന്ന വ്യവസ്ഥ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
ജൂൺ 23, ചൊവ്വാഴ്ച്ച മുതൽ മറ്റു എമിറേറ്റുകളിൽ നിന്ന് അബുദാബിയിലേക്കുള്ള യാത്രകൾക്ക് ഒരാഴ്ചത്തേക്ക് കൂടി വിലക്ക് ഏർപ്പെടുത്തിയിരുന്നു. പ്രത്യേക അനുവാദം ലഭിച്ചവർക്കൊഴികെ അബുദാബിയിലേക്ക് പ്രവേശനം അനുവദിക്കില്ല. എന്നാൽ അബുദാബിയിൽ നിന്ന് മറ്റു എമിറേറ്റുകളിലേക്ക് പോകുന്നതിനു നിയന്ത്രണങ്ങൾ ഉണ്ടാകില്ല.