2021 ജൂലൈ 5, തിങ്കളാഴ്ച്ച മുതൽ പ്രത്യേക പെർമിറ്റുകൾ കൂടാതെ മക്കയിലെ ഗ്രാൻഡ് മോസ്കിലേക്കും, പരിസരങ്ങളിലേക്കും, ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട മറ്റു പുണ്യസ്ഥലങ്ങളിലേക്കും പ്രവേശിക്കുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 5 മുതൽ ഹജ്ജ് തീർത്ഥാടനം അവസാനിക്കുന്നതുവരെ ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
ജൂലൈ 4-ന് വൈകീട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഈ അറിയിപ്പ് പ്രകാരം 2021 ജൂലൈ 5 മുതൽ ജൂലൈ 23 വരെ, മക്കയിലെ ഗ്രാൻഡ് മോസ്‌ക്, പരിസര പ്രദേശങ്ങൾ, മിന, മുസ്ദലിഫ, അറഫ മുതലായ പുണ്യസ്ഥലങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് ഹജ്ജ് പെർമിറ്റുകളുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഇത് സംബന്ധിച്ച വീഴ്ച്ചകൾ വരുത്തുന്നവർക്ക് 10000 റിയാൽ പിഴ ചുമത്തുമെന്നും, നിയമലംഘനം ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
തീർത്ഥാടനത്തിൽ പങ്കെടുക്കുന്നവരുടെയും, പൊതുസമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഇത് സംബന്ധിച്ച നിയമങ്ങൾ പാലിക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മേഖലയിലേക്കുള്ള റോഡുകളിലെല്ലാം സുരക്ഷ ശക്തമാക്കുമെന്നും, അനധികൃതമായി പ്രവേശിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള പ്രത്യേക സുരക്ഷാ സംഘത്തെ വിന്യസിക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
2021 ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട കർമ്മപദ്ധതി സംബന്ധിച്ച് സൗദി ജനറൽ പ്രെസിഡെൻസി ഫോർ ദി അഫയേഴ്‌സ് ഓഫ് ദി ടു ഹോളി മോസ്‌ക്‌സ് ജൂലൈ 1-ന് പ്രഖ്യാപനം നടത്തിയിരുന്നു.