അബുദാബിയിൽ നിന്നുള്ള സർവീസുകളുടെ വിമാന ടിക്കറ്റുകളിൽ COVID-19 ടെസ്റ്റ് ഉൾപെടുത്തിയതായി ഇത്തിഹാദ്

GCC News

അബുദാബിയിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ വിമാന ടിക്കറ്റുകളിൽ COVID-19 PCR ടെസ്റ്റുകൾ ഉൾപ്പെടുത്തിയതായി ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു. ഒക്ടോബർ 1, വ്യാഴാഴ്ച്ചയാണ് ഇത്തിഹാദ് ഇക്കാര്യം അറിയിച്ചത്. ഈ സേവനം 2020, ഡിസംബർ 31 വരെ തുടരും.

തങ്ങളുടെ സേവനങ്ങൾ ഉപയോഗിച്ച് അബുദാബിയിൽ നിന്ന് യാത്രചെയ്യുന്നവർക്ക്, ലൈഫ് മെഡിക്കൽ ഡയഗനോസ്റ്റിക് സെന്ററിനു (Life Dx) കീഴിലുള്ള ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്നാണ്, യാത്രയ്ക്ക് 48 മുതൽ 96 മണിക്കൂർ മുൻപായി പരിശോധനകൾ നടത്തുന്നതിനുള്ള സൗകര്യം ഇത്തിഹാദ് ഒരുക്കുന്നത്.

സാധാരണ നിലയിൽ 180 മുതൽ 370 ദിർഹം വരെ ഇത്തരം പരിശോധനകൾക്ക് ചെലവ് വരുന്നതാണ്. നിലവിൽ അബുദാബിയിൽ നിന്ന് ചൈനയിലേക്കുള്ള യാത്രികർക്ക് ഈ സേവനം ലഭ്യമല്ലെന്നും ഇത്തിഹാദ് അറിയിച്ചിട്ടുണ്ട്.

അബുദാബിയിൽ നിന്നുള്ള യാത്രികർക്ക് COVID-19 ടെസ്റ്റുകൾ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും, യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനുമായാണ് ഇത്തരം ഒരു സേവനമെന്ന് ഇത്തിഹാദ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് +971 600 555 666 (UAE) എന്ന നമ്പറിൽ ഇത്തിഹാദുമായി ബന്ധപ്പെടാവുന്നതാണ്.