യു എ ഇ: ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ഏർപ്പെടുത്തുന്ന നിരക്ക് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും

featured GCC News

പൊതു ചാർജിങ് സംവിധാനങ്ങളിൽ നിന്ന് ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിന് ഏർപ്പെടുത്തുന്ന നിരക്ക് അടുത്ത മാസം മുതൽ യു എ ഇയിൽ പ്രാബല്യത്തിൽ വരുന്നതാണ്. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക്ക് വാഹന ചാർജിങ് നിരക്കുകൾ 2025 ജനുവരി മുതൽ നടപ്പിലാക്കുമെന്ന് യു എ ഇ സർക്കാർ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് ശൃംഖലയായ UAEV അറിയിച്ചിട്ടുണ്ട്. 2030-ഓടെ യു എ ഇയിലെ ഇത്തരം ചാർജിങ് പോയിന്റുകളുടെ എണ്ണം ആയിരത്തിലേക്ക് ഉയർത്തുമെന്നും UAEV കൂട്ടിച്ചേർത്തു.

കഴിഞ്ഞ മെയ് മാസത്തിലാണ് മിനിസ്ട്രി ഓഫ് എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഇലക്ട്രിക്ക് വാഹന ചാർജിങ് നിരക്കുകൾ പ്രഖ്യാപിച്ചത്. ഇത് പ്രകാരം, 2025 ജനുവരി മുതൽ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇത്തരം പൊതു ചാർജിങ് സ്റ്റേഷനുകളിൽ നിന്ന് ചാർജ്ജ് ചെയ്യുന്നതിന് ഒരു ഏകീകൃത നിരക്ക് ബാധകമാകുന്നതാണ്.

ഡി സി ചാർജറുകൾക്ക് കിലോവാട്ടിന് 1.2 ദിർഹം (VAT നിരക്ക് അധികമായി ചുമത്തുന്നതാണ്), എ സി ചാർജറുകൾക്ക് കിലോവാട്ടിന് 0.70 ദിർഹം (VAT നിരക്ക് അധികമായി ചുമത്തുന്നതാണ്) എന്നീ രീതിയിലായിരിക്കും ചാർജിങ് ഫീസായി ഈടാക്കുന്നത്. ചാർജിങ് സ്റ്റേഷനുകൾ കണ്ടെത്തുന്നതിനും, ഫീസ് അടയ്ക്കുന്നതിനും മറ്റുമായി UAEV പുറത്തിറക്കുന്ന മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്.