സൗദി അറേബ്യ: പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ മെയ് 15 മുതൽ പ്രാബല്യത്തിൽ വന്നു; പെർമിറ്റ് നിർബന്ധം

GCC News

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2023 മെയ് 15, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 2023 മെയ് 15-ന് രാത്രിയാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

2023 മെയ് 15 മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് പ്രത്യേക പെർമിറ്റുകൾ നിർബന്ധമാണ്. ഇത്തരം പെർമിറ്റുകളില്ലാത്ത പ്രവാസികളെ മക്കയിലേക്കുള്ള റോഡുകളിൽ ഏർപ്പെടുത്തിയിട്ടുള്ള സെക്യൂരിറ്റി ചെക്ക്-പോയിന്റുകളിൽ നിന്ന് മടക്കി അയക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണം. മക്കയിലേക്കുള്ള പ്രത്യേക എൻട്രി പെർമിറ്റുകൾ ലഭിച്ചിട്ടുള്ള പ്രവാസികൾക്ക് മാത്രമായിരിക്കും മക്ക നഗരത്തിലേക്ക് പ്രവേശനം അനുവദിക്കുന്നത്.

മക്കയിൽ നിന്ന് ലഭിച്ചിട്ടുള്ള ഇഖാമ (റെസിഡൻസി പെർമിറ്റ്), ഉംറ പെർമിറ്റ്, ഹജ്ജ് പെർമിറ്റ്, മക്കയിലെ മക്കയിലെ പുണ്യ സ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നതിനുള്ള അധികൃതരിൽ നിന്നുള്ള എൻട്രി പെർമിറ്റ് എന്നീ രേഖകളുള്ള പ്രവാസികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ഈ നിയന്ത്രണം 2023-ലെ ഹജ്ജ് തീർത്ഥാടന കാലം അവസാനിക്കുന്നത് വരെ തുടരുന്നതാണ്.

ഇത്തവണത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുൻപായി വിദേശത്ത് നിന്ന് ഉംറ അനുഷ്ഠിക്കുന്നതിനായി സൗദി അറേബ്യയിൽ എത്തിയിട്ടുള്ള തീർത്ഥാടകർ രാജ്യത്ത് നിന്ന് മടങ്ങുന്നതിനുള്ള സമയപരിധി സംബന്ധിച്ച് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിപ്പ് നൽകിയിരുന്നു.