പ്രവാസി വിസകളുടെയും, റെസിഡൻസ് പെർമിറ്റുകളുടെയും കാലാവധി 3 മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകാനുള്ള സൗദി തീരുമാനപ്രകാരമുള്ള നടപടികൾ സ്വയമേവ കൈക്കൊള്ളുമെന്ന് ഡയറക്ടർ ജനറൽ ഓഫ് പാസ്സ്പോർട്ട്സ് (ജവാസത്ത്) വ്യക്തമാക്കി. യാത്രാവിലക്കുകളെ തുടർന്ന് സൗദിയിലേക്ക് മടങ്ങിയെത്താൻ കഴിയാതെ തുടരുന്ന പ്രവാസികളുടെയും, നിലവിൽ സൗദിയിൽ തുടരുന്ന സന്ദർശക വിസകളിലുള്ളവരുടെയും കാലാവധി കഴിഞ്ഞ വിസകളുടെ സാധുത 3 മാസത്തേക്ക് കൂടി സൗജന്യമായി നീട്ടിനൽകാൻ തീരുമാനിച്ചതായി ജൂലൈ 5-നു സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
ഈ തീരുമാനപ്രകാരം വിസകളുടെയും, റെസിഡൻസ് പെർമിറ്റുകളുടെയും കാലാവധി നീട്ടുന്ന നടപടികൾ അധികൃതർ സ്വയമേവ കൈക്കൊള്ളുമെന്നും, ഇതിനായി പ്രത്യേക അപേക്ഷകൾ സമർപ്പിക്കേണ്ടതില്ലെന്നുമാണ് ഇപ്പോൾ ജവാസത്ത് അധികൃതർ അറിയിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച സംശയങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ മറുപടി നൽകുന്നതിനിടെയാണ് അധികൃതർ ഈ കാര്യം വ്യക്തമാക്കിയത്.
പ്രത്യേക അപേക്ഷകൾ കൂടാതെ വിസ, പെർമിറ്റുകൾ എന്നിവയുടെ കാലാവധി നീട്ടുന്നതിനായുള്ള നടപടികൾ നാഷണൽ ഇൻഫർമേഷൻ സെന്ററുമായി ചേർന്ന് സംയുക്തമായി ജവാസത്ത് നടപ്പിലാക്കുന്നതാണ്.
“യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് എക്സിറ്റ്-റിട്ടേൺ വിസ, ഫൈനൽ എക്സിറ്റ് വിസ എന്നിവ ഉപയോഗിക്കാനാകാത്ത പ്രവാസികൾ, സൗദിയിൽ തുടരുന്ന സന്ദർശകർ എന്നിവരുടെ വിസ കാലാവധി സൗജന്യമായി നീട്ടുന്നതിനുള്ള നിർദ്ദേശങ്ങൾ സർക്കാർ നടപ്പിലാക്കിവരികയാണ്.”, ജവാസത്ത് ചീഫ് മേജർ ജനറൽ സുലൈമാൻ അബ്ദുൽഅസീസ് അൽ-യഹ്യയെ ഉദ്ദരിച്ച് കൊണ്ട് സൗദി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.