ഒമാൻ: പ്രവാസികൾക്ക് ഫ്ലാറ്റുകളും, ഓഫീസുകളും വാങ്ങുന്നതിന് അനുമതി നൽകാൻ തീരുമാനം

GCC News

ഒമാൻ പൗരന്മാരല്ലാത്തവർക്കും ഒമാനിൽ ഫ്ലാറ്റുകളും, ഓഫീസുകളും സ്വന്തമായി വാങ്ങുന്നതിന് അനുവാദം നൽകാൻ മിനിസ്ട്രി ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിംഗ് തീരുമാനിച്ചു. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉണർവ്വ് നൽകാൻ ലക്ഷ്യമിടുന്ന ഈ തീരുമാന പ്രകാരം പ്രവാസികൾക്ക് ബഹുനില വാണിജ്യ, പാർപ്പിട കെട്ടിടങ്ങളിൽ ഇടം സ്വന്തമാക്കാവുന്നതാണ്.

വകുപ്പ് മന്ത്രി ഡോ. ഖൽഫാൻ ബിൻ സൈദ് അൽ ഷുഐലി ഒക്ടോബർ 18-ന് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഈ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ ഉത്തരവ് പ്രകാരം കൈവശപ്പണയ വ്യവസ്ഥയിലാണ് ഇത്തരം ഫ്ലാറ്റുകളും, ഓഫീസുകളും പ്രവാസികൾക്ക് വാങ്ങുന്നതിന് അനുവാദം നൽകുന്നത്. രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖലയിൽ പുത്തനുണർവ്വ് കൊണ്ടുവരുന്നതിനും, നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ തീരുമാനം സഹായകമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ തീരുമാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ മസ്‌കറ്റ് ഗവർണറേറ്റിലായിരിക്കും പ്രവാസികൾക്ക് ഫ്ലാറ്റ്, ഓഫീസ് എന്നിവ സ്വന്തമാക്കാൻ അവസരം ലഭിക്കുന്നത്. തുടർന്ന് ഈ തീരുമാനത്തിന്റെ ഫലപ്രാപ്തി അവലോകനം ചെയ്ത ശേഷം ഒമാനിലെ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. മസ്‌കറ്റിൽ ബൗഷർ, അൽ ഖുവൈർ, വട്ടായ, മിസ്ഫാ, അമീററ്റ്, ഖാലാ ഹൈറ്റ്സ്, അൽ സീബ്, അൽ ഖൗഡ്, മബേല മുതലായ ഇടങ്ങളിലാണ് ഈ തീരുമാനം ആദ്യം പ്രാബല്യത്തിൽ വരുന്നത്.

ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്:

  • ഓരോ ബഹുനില വാണിജ്യ, പാർപ്പിട കെട്ടിടസമുച്ചയങ്ങളിലെയും പരമാവധി 40 ശതമാനം യൂണിറ്റുകളാണ് പ്രവാസികൾക്ക് വിൽക്കാൻ അനുവാദം നൽകുന്നത്. ഒരേ രാജ്യത്ത് നിന്നുള്ളവർക്ക് പരമാവധി 20 ശതമാനം യൂണിറ്റുകളെ വിൽക്കാൻ അനുവദിക്കൂ.
  • ഇത്തരത്തിൽ വസ്തു വാങ്ങുന്നവർ ചുരുങ്ങിയത് 2 വർഷമെങ്കിലും ഒമാനിൽ താമസിച്ചിട്ടുള്ളവരായിരിക്കണം. ഇവരുടെ പ്രായം 23-ന് മുകളിൽ ആയിരിക്കണം.
  • വസ്തു വാങ്ങുന്നവർക്കും, അവരുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്കും ഇത്തരത്തിൽ ഒരു യൂണിറ്റ് മാത്രമായിരിക്കും വാങ്ങാൻ അനുമതി നൽകുക.
  • വസ്തു വാങ്ങി നാല് വർഷത്തിന് ശേഷം മാത്രമാണ് അവ വിൽക്കാൻ അനുവാദം ലഭിക്കുക.
  • വസ്തു വാങ്ങിയ ഉടമ മരണപ്പെടുന്ന സാഹചര്യത്തിൽ അവരുടെ അനന്തരാവകാശിക്ക് വസ്തു കൈമാറ്റം ചെയ്യാവുന്നതാണ്.
  • ചുരുങ്ങിയത് നാല് നിലകളുള്ള കെട്ടിടങ്ങളിലാണ് ഈ നിയമപ്രകാരം പ്രവാസികൾക്ക് വസ്തു വാങ്ങാൻ സാധിക്കുക. ഇത്തരം ഓരോ യൂണിറ്റും ചുരുങ്ങിയത് രണ്ട് മുറികളും, അടുക്കള, ശുചിമുറി എന്നിവയോട് കൂടിയതും ആയിരിക്കണം.
  • കെട്ടിടത്തിന് പരമാവധി നാല് വർഷം പഴക്കമേ പാടുള്ളൂ.
  • നിലവിലെ പാർപ്പിട മേഖലകളിൽ നിന്ന് ദൂരെ മാറിയുള്ള കെട്ടിടങ്ങളായിരിക്കണം.
  • വാങ്ങുന്നവരും, വിൽക്കുന്നവരും വസ്തുവിന്റെ വിലയുടെ 3 ശതമാനം രെജിസ്ട്രേഷൻ ഫീസ് ആയി അടക്കേണ്ടതാണ്.
  • 50 വർഷത്തേക്കാണ് ഈ കരാർ കാലാവധി. ആവശ്യമെങ്കിൽ ഇത് പരമാവധി 99 വർഷം വരെ പുതുക്കാവുന്നതാണ്.