സൗദി: വിദേശത്തുള്ള പ്രവാസികൾക്ക് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ലെന്ന് ജവാസാത്

GCC News

വിദേശത്തുള്ള പ്രവാസികൾക്ക് എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസാത്) അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രവാസികൾ സൗദിക്ക് പുറത്തുള്ള അവസരത്തിൽ എക്സിറ്റ് റീ-എൻട്രി വിസകൾ ഫൈനൽ എക്സിറ്റ് വിസയിലേക്ക് മാറ്റാനാകില്ലെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സൗദിയിൽ നിന്ന് എക്സിറ്റ് റീ-എൻട്രി വിസകളിൽ വിദേശത്തേക്ക് യാത്ര ചെയ്തിട്ടുള്ള പ്രവാസികൾ, അവർ വിസ കാലാവധി അവസാനിക്കുന്നതിന് മുൻപ് തിരികെ മടങ്ങിയിട്ടില്ലെങ്കിൽ, സൗദിയിലേക്ക് മൂന്ന് വർഷത്തെ പ്രവേശന വിലക്കേർപ്പെടുത്തുമെന്നും ജവാസാത് വൃത്തങ്ങൾ സൂചിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആശ്രിത വിസകളിലുള്ളവർ, തൊഴിലുടമയിൽ നിന്ന് പുതിയ വിസ നേടിയിട്ടുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് ഇതിൽ ഇളവ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

സൗദിയിൽ നിന്ന് മടങ്ങുന്ന തീയതി മുതലാണ് എക്സിറ്റ് റീ-എൻട്രി വിസയുടെ കാലാവധി കണക്കാക്കുന്നത്. നാട്ടിലേക്ക് മടങ്ങിയ ശേഷം തിരികെയെത്താത്ത ഗാർഹിക ജീവനക്കാരുടെ വിവരങ്ങൾ, എക്സിറ്റ് റീ-എൻട്രി വിസയുടെ കാലാവധി അവസാനിച്ച് ആറ് മാസത്തിന് ശേഷം, ജവാസത്തിന് കീഴിലുള്ള അബ്ഷേർ സംവിധാനത്തിൽ നിന്ന് ഒഴിവാക്കുമെന്നും സ്രോതസ്സുകൾ സൂചിപ്പിച്ചിട്ടുണ്ട്.