ദിനം തോറുമുള്ള രാത്രികാല നിയന്ത്രണങ്ങളുടെ സമയം നീട്ടുന്നതിനുള്ള ഒമാൻ സുപ്രീം കമ്മിറ്റിയുടെ തീരുമാനം 2021 ജൂലൈ 16, വെള്ളിയാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. സുപ്രീം കമ്മിറ്റിയുടെ തീരുമാന പ്രകാരം, ജൂലൈ 16 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ (ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട 3 ദിനങ്ങളിലൊഴികെ) ദിനവും വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്.
നിലവിൽ ദിനവും രാത്രി 8 മണി മുതൽ രാവിലെ 4 മണിവരെയുള്ള നിയന്ത്രണങ്ങൾ ജൂലൈ 16 മുതൽ വൈകീട്ട് 5 മണി മുതൽ പുലർച്ചെ 4 മണിവരെ എന്ന രീതിയിലേക്ക് മാറ്റുന്നതാണ്. ജൂലൈ 6-ന് രാത്രി ഒമാൻ ആഭ്യന്തര വകുപ്പ് മന്ത്രി സയ്യിദ് ഹമൗദ് ഫൈസൽ അൽ ബുസൈദിയുടെ നേതൃത്വത്തിൽ ചേർന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ഈ തീരുമാനം നടപ്പിലാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പോലീസ് ജൂലൈ 15-ന് രാവിലെ അറിയിച്ചു.
ഈദുൽ അദ്ഹയിലെ ആദ്യ 3 ദിവസങ്ങളിൽ (ജൂലൈ 20 മുതൽ 22 വരെ) രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാണ്. ഈ മൂന്ന് ദിവസങ്ങളിൽ മുഴുവൻ സമയങ്ങളിലും വ്യക്തികളുടെ യാത്രകൾ, വാഹനങ്ങളുടെ ഉപയോഗം, വാണിജ്യ പ്രവർത്തനങ്ങൾ എന്നിവ വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ, ഈദുൽ അദ്ഹ വേളയിൽ ഒത്ത് ചേർന്നുള്ള പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് മാർക്കറ്റുകൾ, മറ്റു ആഘോഷങ്ങൾ, കുടുംബസംഗമങ്ങൾ, മറ്റു ഒത്ത്‌ചേരലുകൾ എന്നിവയ്ക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഈ സമയങ്ങളിൽ രോഗികൾ, മനുഷ്യത്വപരമായ ഇളവുകൾ ആവശ്യമുള്ള മറ്റു കേസുകൾ എന്നിവർക്ക് ഇളവ് നൽകുമെന്നും, ഭക്ഷണസാധനങ്ങൾ, ആവശ്യവസ്തുക്കൾ എന്നിവയുടെ വില്പന തടസപ്പെടില്ലെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു. അവശ്യ സർവീസുകളായ വൈദ്യുതി വിതരണം, കുടിവെള്ള വിതരണം, മെഡിക്കൽ സേവനങ്ങൾ മുതലായവയ്ക്ക് ഇളവ് അനുവദിക്കുന്നതാണ്.
ഈ ലോക്ക്ഡൌൺ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ജൂലൈ 16 മുതൽ രാജ്യത്ത് പ്രത്യേക ഓപ്പറേഷൻസ് സെന്റർ പ്രവർത്തനമാരംഭിക്കുമെന്നും, ഈ കേന്ദ്രം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണെന്നും റോയൽ ഒമാൻ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ 1099 എന്ന നമ്പറിൽ പൊതുജനങ്ങൾക്ക് ഈ ഓപ്പറേഷൻസ് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്.