യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് നാമനിർദേശം ചെയ്തതോടെ ലോക ശ്രദ്ധ നേടുകയാണ് ഷാർജയിലെ ഫയ പാലിയോലാൻഡ്‌സ്‌കേപ്പ്. ഷാർജയുടെ മധ്യമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ പൗരാണിക മരുഭൂമി, 2,10,000 വർഷത്തിലധികം പഴക്കമുള്ള ആദ്യകാല മനുഷ്യസാന്നിധ്യത്തിന്റെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രേഖ കൂടിയാണ്.
2024-ലാണ് ഈ പ്രദേശത്തെ ‘സാംസ്കാരിക ഭൂപ്രകൃതി’ വിഭാഗത്തിൽ ഉൾപ്പെടുത്തി യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തത്. നിലവിൽ യുനെസ്കോ വേൾഡ് ഹെറിറ്റേജ് സെന്റർ ഈ നാമനിർദ്ദേശം വിലയിരുത്തുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്.

ആദിമ മനുഷ്യർ വരണ്ട കാലാവസ്ഥാ സാഹചര്യങ്ങളിൽ എങ്ങനെ ജീവിച്ചു, അവർ തെക്കുകിഴക്കൻ അറേബ്യയിൽ എങ്ങനെ കുടിയേറി, പരിണമിച്ചു, കാലാവസ്ഥാവ്യതിയാനങ്ങൾ നേരിട്ട് അതിജീവിച്ചു തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള നമ്മുടെ ആഗോള ധാരണകളെ പുനർനിർമിക്കുന്നതിനുള്ള അവശേഷിപ്പ് കൂടിയാണ് ഈ പ്രദേശം.
ഷാർജ ആർക്കിയോളജിക്കൽ അതോറിറ്റിയും (SAA), ട്യൂബിംഗൻ സർവകലാശാലയും, ഓക്‌സ്‌ഫോർഡ് ബ്രൂക്ക്‌സ് സർവകലാശാലയും ചേർന്ന് നടത്തിയ പഠനങ്ങളിൽ, കാലാവസ്ഥ അനുകൂലമായിരുന്ന കാലഘട്ടങ്ങളിൽ ഫയ ആദ്യകാല മനുഷ്യവാസത്തിനുള്ള ഒരു പ്രധാന കേന്ദ്രമായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. നീരുറവകളിൽ നിന്നും ലഭിച്ചിരുന്ന വെള്ളം, ഉപകരണങ്ങൾ നിർമിക്കാനാവശ്യമായ തീക്കല്ല് പോലുള്ള അസംസ്‌കൃത വസ്തുക്കൾ, മലകളിലെ അഭയം എന്നിവയെല്ലാം ആദ്യകാല മനുഷ്യന് ഇവിടെ സ്ഥിരതാമസമാക്കാൻ സഹായകമായി.
കഴിഞ്ഞ 30 വർഷങ്ങൾക്കിടയിൽ ഈ പ്രദേശത്ത് നടത്തിയ പുരാവസ്തു ഖനന പ്രവർത്തനങ്ങളിൽ മനുഷ്യ അധിനിവേശത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളെ പ്രതിനിധീകരിക്കുന്ന 18 വ്യത്യസ്ത മൺപാളികൾ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഇവ ആദ്യകാല മനുഷ്യ കുടിയേറ്റത്തെയും പൊരുത്തപ്പെടുത്തലിനെയും കുറിച്ചുള്ള അഭൂതപൂർവമായ ഉൾക്കാഴ്ചകൾ നൽകുന്നു.
അറേബ്യയിലെ പുരാതന മനുഷ്യജീവിതത്തിന്റെ ഏറ്റവും വിശദമായ രേഖകൾ സൂക്ഷിച്ചിരിക്കുന്ന ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് മനുഷ്യ കുടിയേറ്റത്തെക്കുറിച്ചുള്ള പുതിയ ധാരണകളിലേക്ക് വെളിച്ചം വീശുന്നു. ഫയയുടെ ചരിത്രപരവും ശാസ്ത്രീയവുമായ പ്രാധാന്യം നിലനിർത്തുന്നതിനും, അതിന്റെ പൈതൃകമൂല്യം ബോധ്യപ്പെടുത്തുന്നതിനും, 2024 മുതൽ 2030 വരെയുള്ള കാലയളവിൽ ഇവിടേക്കുള്ള സന്ദർശക ഇടപെടലുകൾ നിയന്ത്രിക്കുന്നതിനും ആവശ്യമായ ഒരു സമഗ്ര മാനേജ്മെന്റ് പദ്ധതി യു എ ഇ വികസിപ്പിച്ചിട്ടുണ്ട്.
യുനെസ്കോയുടെ ലോക പൈതൃക മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ഈ പദ്ധതി, ഫയ പാലിയോലാൻഡ്‌സ്‌കേപ്പ് ഫലപ്രദമായി സംരക്ഷിക്കപ്പെടും എന്നതിൽ ഉറപ്പ് നൽകുന്നതോടൊപ്പം തുടർച്ചയായ ഗവേഷണത്തിനും പൊതുജന വിദ്യാഭ്യാസത്തിനും അവസരം ഒരുക്കുന്നു.
WAM