ഡാൽമ ജലമേളയുടെ ആറാമത് പതിപ്പ് നടക്കുന്ന കാലയളവിൽ ഡാൽമ ഐലൻഡ് – ജബൽ ധന്ന റൂട്ടിലെ ഫെറി ഗതാഗതസേവനങ്ങൾ സൗജന്യമായി നൽകുമെന്ന് അബുദാബി മാരിടൈം അതോറിറ്റി അറിയിച്ചു. 2023 ഏപ്രിൽ 25-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2023 ഏപ്രിൽ 28-നും മെയ് 15-നും ഇടയിലായാണ് ഡാൽമ ജലമേള നടക്കുന്നത്. അബുദാബി മറൈൻ സ്പോർട്സ് ക്ലബ്ബും സാംസ്കാരിക പൈതൃക പരിപാടികളുടെ കമ്മിറ്റിയും ചേർന്നാണ് ഈ മേള സംഘടിപ്പിക്കുന്നത്.
18 ദിവസം നീണ്ടു നിൽക്കുന്ന 80 നോട്ടിക്കൽ മൈൽ (125 കിലോമീറ്റർ) ദൈർഘ്യമുള്ള ഈ ജലമേളയിൽ 3,000-ലധികം നാവികർ പങ്കെടുക്കും. 60 അടി നീളമുള്ള പരമ്പരാഗത അറബി പായ്ക്കപ്പലുകളാണ് ഈ മേളയിൽ പങ്കെടുക്കുന്നത്.
മേളയുടെ സമയത്ത് യാത്രക്കാർക്ക് ഡാൽമ ദ്വീപ് – ജബൽ ധന്ന റൂട്ടിലെ ഫെറിയിൽ ഇരു ദിശകളിലേക്കും സൗജന്യമായി യാത്ര ചെയ്യാമെന്നും, ഈയിടെ ആരംഭിച്ച ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം വഴി എല്ലാ സന്ദർശകർക്കും പ്രവാസികൾക്കും ഫെറിയുടെ സമയം പരിശോധിക്കാനും സൗജന്യമായി ടിക്കറ്റ് റിസർവ് ചെയ്യാനും കഴിയുമെന്നും അധികൃതർ അറിയിച്ചു.
https://tickets-booking.admaritime.ae/#/en/ എന്ന വിലാസത്തിലുള്ള ഓൺലൈൻ ബുക്കിംഗ് സംവിധാനത്തിലൂടെ അബുദാബിയിലെ എല്ലാ പൊതു ജലഗതാഗത റൂട്ടുകളിലെയും യാത്രികർക്ക് സേവനങ്ങൾ ലഭ്യമാകുന്നതാണ്.
WAM