അഞ്ചാമത് ‘ഈന്തപ്പഴ ഉത്സവം’ ഷാർജയിൽ ആരംഭിച്ചു

UAE

യു എ ഇയിലെ ഈന്തപ്പഴ വ്യാപാര മേഖലയിലെ വ്യാപാരികൾ പങ്കെടുക്കുന്ന അഞ്ചാമത് ഈന്തപ്പഴ ഉത്സവം, ഷാർജയിലെ സൂക്ക് അൽ ജുബൈലിൽ ആരംഭിച്ചു. യു എ ഇയുടെ തനത് ഈന്തപ്പഴങ്ങൾക്ക് പുറമെ, അറേബ്യൻ നാടുകളിൽ നിന്നും, മറ്റിടങ്ങളിൽ നിന്നുമുള്ള വിവിധ ഇനം ഈന്തപ്പഴങ്ങൾ ഈ മേളയിൽ ഒരുക്കിയിട്ടുണ്ട്. മേള സെപ്റ്റംബർ 17, 2020 വരെ തുടരും.

തദ്ദേശീയമായി ഉത്പാദിപ്പിക്കുന്നതും, മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതുമായ വിവിധ തരത്തിലുള്ള ഈന്തപ്പഴങ്ങൾ സന്ദർശകർക്കും, ഉപഭോക്താക്കൾക്കും പരിചയപ്പെടുന്നതിനും, വാങ്ങുന്നതിനും ഈന്തപ്പഴ ഉത്സവം അരങ്ങൊരുക്കുന്നു. മേളയുടെ അഞ്ചാമത് പതിപ്പിന്റെ ആദ്യ ഘട്ടത്തിൽ, 6 സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നതെന്ന് സൂക്ക് അൽ ജുബൈൽ ഡയറക്ടർ ഹമീദ് അൽ സറൗണി അറിയിച്ചു.

നിലവിലെ കൊറോണാ വൈറസ് സാഹചര്യം കണക്കിലെടുത്ത്, വിവിധ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മേള ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിനവും അൽ ജുബൈൽ മാർക്കറ്റ് പ്രവർത്തിക്കുന്ന സമയങ്ങളിൽ ഈന്തപ്പഴ ഉത്സവ സ്റ്റാളുകൾ സന്ദർശിക്കാവുന്നതാണ്.