രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച ചട്ടങ്ങളിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2024 മെയ് 29-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
നിർബന്ധിത മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച ചട്ടങ്ങൾ കർശനമായി പാലിക്കാൻ രാജ്യത്തെ സ്ഥാപനങ്ങളോട് ഒമാൻ തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തുന്നവർക്ക് അഞ്ഞൂറ് റിയാൽ മുതൽ ആയിരം റിയാൽ വരെ പിഴ ചുമത്തുന്നതാണ്.
രാജ്യത്തെ പുറം തൊഴിലിടങ്ങളിൽ നടപ്പിലാക്കുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 1 മുതൽ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വേനൽ ചൂട് രൂക്ഷമാകുന്ന മാസങ്ങളിൽ നടപ്പിലാക്കുന്ന ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള 2024 ജൂൺ 1 മുതൽ ഓഗസ്റ്റ് മാസം അവസാനം വരെ നീണ്ട് നിൽക്കും. ഈ കാലയളവിൽ ഒമാനിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ദിനവും ഉച്ചയ്ക്ക് 12.30 മുതൽ വൈകീട്ട് 3.30 വരെ പ്രവർത്തനങ്ങൾ നിർബന്ധമായും നിർത്തിവെക്കേണ്ടതാണ്.