ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരുടെ ആദ്യ സംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2022 ജൂൺ 4-ന് വൈകീട്ടാണ് സൗദി പ്രസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇന്തോനേഷ്യയിൽ നിന്നുള്ള തീർത്ഥാടകരാണ് 2022 സീസണിലെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി മദീന വിമാനത്താവളത്തിലൂടെ സൗദി അറേബ്യയിലെത്തിയത്. കൊറോണ വൈറസ് വ്യാപനപശ്ചാത്തലത്തിൽ 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സൗദി അറേബ്യ അന്താരാഷ്ട്ര തീർത്ഥാടകർക്ക് പ്രവേശനം അനുവദിക്കുന്നത്. സ്ത്രീകളും , പുരുഷന്മാരും ഉൾപ്പടെ ആകെ 358 തീർത്ഥാടകരാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്.
തീർത്ഥാടകരെ ഹജ്ജ്, ഉംറ വകുപ്പ് അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ ബിജാവി, സൗദി അറേബ്യയിലെ ഇന്തോനേഷ്യൻ അംബാസഡർ ഡോ. അബ്ദുൽഅസീസ് അഹ്‌മദ് എന്നിവർ ചേർന്ന് സ്വാഗതം ചെയ്തു. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ വകുപ്പിലെയും, എയർപോർട്ട് ഓപ്പറേഷൻസ് വകുപ്പുകളിലെയും വിവിധ ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ സന്നിഹിതരായിരുന്നു.
വിമാനത്താവളത്തിലെത്തിയ തീർത്ഥാടകർക്ക് പൂച്ചെണ്ടുകൾ, ഈന്തപഴം, സംസം ജലത്തിന്റെ കുപ്പികൾ എന്നിവ നൽകിയാണ് സ്വീകരിച്ചത്.
Images: Saudi Press Agency.