യു എ ഇ: കോർപ്പറേറ്റ് നികുതി രജിസ്ട്രേഷൻ അവസാന തീയതി ജൂലൈ 31

featured GCC News

മെയ് മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള സ്ഥാപനങ്ങൾ തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ 2024 ജൂലൈ 31-ന് മുൻപായി സമർപ്പിക്കണമെന്ന് യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു. 2024 ജൂൺ 25-നാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലൈസൻസ് നൽകിയ വർഷം കണക്കിലെടുക്കാതെ തന്നെ മെയ് മാസത്തിൽ ലൈസൻസ് നേടിയിട്ടുള്ള മുഴുവൻ സ്ഥാപനങ്ങളും 2024 ജൂലൈ 31-ന് മുൻപായി തങ്ങളുടെ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് FTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമയബന്ധിതമായി ഈ നടപടികൾ പൂർത്തിയാക്കാത്തവർക്ക് 10000 ദിർഹം പിഴ ചുമത്തുന്നതാണ്.

2024 മാർച്ച് 1-ന് പ്രാബല്യത്തിൽ വന്നിട്ടുള്ള ‘3/ 2024’ എന്ന FTA തീരുമാന പ്രകാരം കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. നികുതി സംബന്ധമായ നിയമങ്ങളിൽ വീഴ്ച വരുത്തുന്നത് ഒഴിവാക്കാൻ കോർപ്പറേറ്റ് ടാക്സ് രജിസ്‌ട്രേഷൻ സമയബന്ധിതമായി പൂർത്തിയാക്കേണ്ടത് പ്രധാനമാണെന്ന് FTA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോർപ്പറേറ്റ് നികുതി നിയമം, അതിൻ്റെ നടപ്പാക്കൽ തീരുമാനങ്ങൾ, കോർപ്പറേറ്റ് നികുതിയ്‌ക്കായി നികുതി നൽകേണ്ട വ്യക്തികൾക്കായുള്ള രജിസ്‌ട്രേഷൻ സമയക്രമത്തെക്കുറിച്ചുള്ള പൊതു വിവരങ്ങൾ തുടങ്ങിയവ https://tax.gov.ae/ar/default.aspx എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.