എമിറേറ്റിലെ പൊതു ബീച്ചുകളും, പാർക്കുകളും ജൂൺ 29, തിങ്കളാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് ഫുജൈറ മുൻസിപ്പാലിറ്റി അറിയിച്ചു. കർശനമായ സമൂഹ അകലം ഉറപ്പാക്കി കൊണ്ടായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക എന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) അനുശാസിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചാണ് ഇവ പൊതുസമൂഹത്തിനായി തുറന്ന് കൊടുക്കുന്നത് എന്ന് അധികൃതർ അറിയിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായുള്ള എല്ലാ മുൻകരുതലുകളും പാർക്കുകളിലും, ബീച്ചുകളിലും നടപ്പിലാക്കിയതായും മുൻസിപ്പാലിറ്റി കൂട്ടിച്ചേർത്തു.
പൊതുജനങ്ങൾ സുരക്ഷയെ മുൻനിർത്തി എല്ലാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. തുറന്നു കൊടുക്കുന്ന പൊതുഇടങ്ങളിൽ സമൂഹ അകലം ഉറപ്പാക്കാനും, മാസ്കുകളും, കയ്യുറകളും ധരിക്കാനും, സാനിറ്റൈസറുകൾ ഉൾപ്പടെയുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ഉറപ്പാക്കാനും ജനങ്ങളോട് മുൻസിപ്പാലിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്.