ഒമാനിൽ ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെയുള്ള ലോക്ക്ഡൌൺ കാലയളവിൽ, യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയങ്ങളിൽ പ്രവർത്തനാനുമതി നൽകിയിട്ടുള്ള അടിസ്ഥാന സേവനങ്ങളെ സംബന്ധിച്ച്, ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) അറിയിപ്പ് നൽകി.
ദിനവും യാത്രാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന രാത്രി 7 മുതൽ രാവിലെ 6 വരെ ഒമാനിൽ അനുവദിച്ചിട്ടുള്ള അടിസ്ഥാന സേവനങ്ങൾ:
ജലവിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ:
രാത്രി 7 മുതൽ രാവിലെ 6 വരെ യാത്രാ വിലക്കുകൾ നിലനിൽക്കുന്ന സമയങ്ങളിലും, ജലവിതരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന സേവനങ്ങൾ ലഭ്യമാക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോർ വാട്ടർ (Diam) അറിയിച്ചിട്ടുണ്ട്:
- പൈപ്പുകൾ പൊട്ടുന്നതും, മറ്റു തരത്തിലുള്ള ജല വിതരണത്തിലെ തടസ്സങ്ങളും eDiam ആപ്പിലൂടെ അറിയിക്കാവുന്നതാണ്. ഇവ പരിഹരിക്കുന്നതിനുള്ള ജീവനക്കാർ 24 മണിക്കൂറും പ്രവർത്തനനിരതരാണ്.
- സർക്കാരിന്റെ ജലവിതരണവുമായി ബന്ധപ്പെട്ട വാട്ടർ ടാങ്കുകളിൽ ജല ദൗര്‍ലഭ്യം അനുഭവപ്പെട്ടാൽ, eDiam ആപ്പിലൂടെയോ, 1442 എന്ന നമ്പറിലൂടെയോ പരാതി അറിയിക്കാവുന്നതാണ്.
- ജലവിതരണവുമായി ബന്ധപ്പെട്ട എല്ലാ അടിയന്തിര സാഹചര്യങ്ങളും eDiam ആപ്പിലൂടെയോ, 1442 എന്ന നമ്പറിലൂടെയോ, https://www.diam.om/ വെബ്സൈറ്റിലൂടെയോ അറിയിക്കാവുന്നതാണ്.
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ:
വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട അടിയന്തിര സേവനങ്ങൾ നൽകുന്ന ജീവനക്കാർ 24 മണിക്കൂറും പ്രവർത്തനനിരതരാണെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ, ഓരോ മേഖലയിലെയും വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട സേവനദാതാക്കളുടെ താഴെ കൊടുത്തിട്ടുള്ള ടോൾ ഫ്രീ നമ്പറുകളിലേക്ക് വിളിക്കാവുന്നതാണ്.
- മസൂം ഇലെക്ട്രിസിറ്റി കമ്പനി – 80077771
- മസ്‌കറ്റ് ഇലെക്ട്രിസിറ്റി ഡിസ്ട്രിബൂഷൻ കമ്പനി – 80070008
- മജൻ ഇലെക്ട്രിസിറ്റി കമ്പനി – 80078000
- ദോഫർ പവർ കമ്പനി – 80077700
- റൂറൽ ഏരിയാസ് ഇലെക്ട്രിസിറ്റി കമ്പനി – 80077787
അടിയന്തിര ആരോഗ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ഇളവുകൾ:
താഴെ പറയുന്ന വിഭാഗങ്ങളിൽ പെടുന്നവർക്ക് രാത്രി 7 മുതൽ രാവിലെ 6 വരെ യാത്രാ വിലക്കുകൾ നിലനിൽക്കുന്ന സമയങ്ങളിലും പുറത്തിറങ്ങുന്നതിന് അനുവാദം നൽകിയിട്ടുണ്ട്:
- രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകർ.
- അടിയന്തിരമായുള്ള ആവശ്യങ്ങൾക്കായി ഓരോ വിലായത്തുകൾക്കുള്ളിലുമുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് പോകുന്ന രോഗികൾ.
രാത്രി 7 മുതൽ രാവിലെ 6 വരെ എല്ലാ വാണിജ്യ പ്രവർത്തനങ്ങളും വിലക്കിയിട്ടുള്ളതിനാൽ, ആവശ്യമായ മരുന്ന്, ഭക്ഷണം, പാചക വാതകം മുതലായ അടിസ്ഥാന വസ്തുക്കൾ വീടുകളിൽ ഉണ്ടെന്ന് ഉറപ്പാക്കാനും GC അറിയിപ്പിൽ പറയുന്നുണ്ട്. വാണിജ്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വൈകീട്ട് 7 മണിക്ക് മുൻപായി വീടുകളിൽ എത്തേണ്ടതിനാൽ, ഇത്തരം സ്ഥാപനങ്ങൾ ദിനവും പ്രവർത്തനങ്ങൾ നേരത്തെ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്നും GC പൊതുജനങ്ങളെ ഓർമ്മപ്പെടുത്തിയിട്ടുണ്ട്.