എമിറേറ്റിലെ സർക്കാർ മേഖലയിൽ, ജൂലൈ 1, ബുധനാഴ്ച്ച മുതൽ 75 ശതമാനം ജീവനക്കാരോട് ഓഫീസുകളിൽ എത്തുന്നതിനു അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് നിർദ്ദേശം നൽകി. എമിറേറ്റിലെ നിലവിലെ കൊറോണാ വൈറസ് സാഹചര്യവുമായി ബന്ധപ്പെട്ട്, അജ്‌മാൻ എക്സിക്യൂട്ടീവ് കൗൺസിലിന്റെ പ്രത്യേക തീരുമാനത്തിനനുസരിച്ചാണ് അജ്‌മാൻ ഡിപ്പാർട്മെന്റ് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകളുടെ അടിസ്ഥാനത്തിൽ, എമിറേറ്റിലെ സർക്കാർ മേഖലയിലെ ഓഫീസുകളുടെ പ്രവർത്തനം പടിപടിയായി സാധാരണ നിലയിലേക്ക് തിരികെയെത്തിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നിർദ്ദേശം. അജ്‌മാനിലെ നിലവിലെ സാഹചര്യങ്ങളിൽ കൂടുതൽ പുരോഗതി ഉണ്ടാകുന്നതിനനുസരിച്ച്, ഓഫീസുകളിലെത്തുന്ന ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.