ഗൾഫ് എയർ തങ്ങളുടെ മുഴുവൻ സേവനങ്ങളും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിലേക്ക് മാറ്റുന്നു

Bahrain

2021 ജനുവരി 28 മുതൽ ബഹ്റൈനിലേക്കും, തിരികെയുമുള്ള തങ്ങളുടെ എല്ലാ സേവനങ്ങളും ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെർമിനലിലേക്ക് മാറ്റാൻ തീരുമാനിച്ചതായി ഗൾഫ് എയർ അറിയിച്ചു. തങ്ങളുടെ യാത്രാ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്ക് കൂടുതൽ മികച്ച സേവനാനുഭവങ്ങൾ ഉറപ്പാക്കുന്നതിനായാണ് പുതിയ ടെർമിനലിലേക്ക് മാറുന്നതെന്ന് ഗൾഫ് എയർ കൂട്ടിച്ചേർത്തു.

https://twitter.com/GulfAir/status/1348985839385255936

ജനുവരി 12-ന് വൈകീട്ടാണ് ഗൾഫ് എയർ ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനലിന്റെ പ്രവർത്തനങ്ങൾ 2021 ജനുവരി 28 മുതൽ ആരംഭിക്കുമെന്ന് ബഹ്‌റൈൻ കിരീടാവകാശി സൽമാൻ ബിൻ ഹമദ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ഇതിന്റെ തുടർച്ചയായാണ് ഗൾഫ് എയർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള ഈ തീരുമാനം. പുതിയ ടെർമിനലിൽ തങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്ന യാത്രികർക്കായി ഏറ്റവും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഗൾഫ് എയർ അറിയിച്ചിട്ടുണ്ട്.

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ പുതിയ ടെർമിനൽ, നിലവിലെ ടെർമിനലിന്റെ നാലിരട്ടി വലിപ്പത്തിലാണ് പണിതീർത്തിട്ടുള്ളത്. വാർഷികാടിസ്ഥാനത്തിൽ ഏതാണ്ട് 14 ദശലക്ഷം യാത്രികർക്ക് ഈ ടെർമിനലിലൂടെ യാത്രാ സേവനങ്ങൾ നൽകാൻ കഴിയും.