COVID-19 വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31 മുതൽ പുനരാരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ഈ സർവീസുകൾക്കുള്ള ടിക്കറ്റുകൾ മാർച്ച് 15, തിങ്കളാഴ്ച്ച മുതൽ ഓൺലൈനിൽ ബുക്ക് ചെയ്യാമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് 2020 മാർച്ച് മുതൽ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. മക്ക-മദീന ഹൈ-സ്പീഡ് റെയിൽവേ എന്ന് അറിയപ്പെടുന്ന ഈ റെയിൽവേ സർവീസ് 453 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ഇന്റർ-സിറ്റി റെയിൽ ഗതാഗത സംവിധാനമാണ്.
മക്ക, കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുകൾ ഉള്ളത്. ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകളുടെ പുതുക്കിയ പ്രവർത്തന സമയക്രമങ്ങൾ വൈകാതെ പ്രഖ്യാപിക്കുന്നതാണ്.
പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി മക്ക മുതൽ മദീന വരെയുള്ള മുഴുവൻ റെയിൽ പാതയിലും യാത്രികർക്ക് ഏറ്റവും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി ഹറമൈൻ വൈസ് പ്രസിഡന്റ് എഞ്ചിനീയർ റയാൻ അൽ ഹർബി വ്യക്തമാക്കി. ഉംറ തീർത്ഥാടകർക്കും, സന്ദർശകർക്കും ഏറ്റവും കർശനമായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിയായിരിക്കും സേവനങ്ങൾ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന ഹജ്ജ് സീസൺ ലക്ഷ്യമിട്ട് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിയതായും, ട്രെയിനിന്റെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനായി സേവനങ്ങൾ താത്കാലികമായി നിർത്തലാക്കിയ കാലയളവിൽ തുടർച്ചയായി പരീക്ഷണ ഓട്ടങ്ങൾ നടത്തിയിരുന്നതായും അദ്ദേഹം അറിയിച്ചു.
2018 ഒക്ടോബറിലാണ് ഈ റയിൽ പാത ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. മണിക്കൂറിൽ 300 കിലോമീറ്റർ പരമാവധി വേഗതയിലാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ഈ പാതയിൽ ഓരോ ട്രിപ്പിലും 400-ൽ പരം യാത്രികർക്ക് സഞ്ചരിക്കാവുന്നതാണ്.