ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31, ബുധനാഴ്ച്ച മുതൽ പുനരാരംഭിച്ചു. സർവീസുകൾ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ആദ്യ ട്രിപ്പിന്റെ ഉദ്‌ഘാടനം മക്ക ഗവർണർ പ്രിൻസ് ഖാലിദ് അൽ ഫൈസൽ നിർവഹിച്ചു.
തുടർന്ന് ഹറമൈൻ ഹൈ സ്പീഡ് റെയിൽവേയുടെ മദീനയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന് മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ സാക്ഷ്യം വഹിച്ചു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ സർവീസ് നടത്തുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് 2020 മാർച്ച് മുതൽ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു.
കർശനമായ COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കും ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ നടത്തുന്നതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. യാത്രികരുടെയും, പൊതുസമൂഹത്തിന്റെയും സുരക്ഷ മുൻനിർത്തി COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ എല്ലാവരോടും ആവശ്യപ്പെട്ടു. റമദാനിലെ തിരക്ക് കണക്കിലെടുത്ത് ഹറമൈൻ ട്രെയിൻ സർവീസുകൾ കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കിക്കൊണ്ട് പരമാവധി യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും പ്രവർത്തിക്കുന്നതെന്ന് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി ചെയർമാൻ റുമൈഹ് ബിൻ മുഹമ്മദ് അൽ റുമൈഹ് വ്യക്തമാക്കി.
മക്ക-മദീന ഹൈ-സ്പീഡ് റെയിൽവേ എന്ന് അറിയപ്പെടുന്ന ഈ റെയിൽവേ സർവീസ് 453 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ ഇന്റർ-സിറ്റി റെയിൽ ഗതാഗത സംവിധാനമാണ്. മക്ക, കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട്, കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന എന്നിവിടങ്ങളെ ബന്ധിപ്പിച്ച് കൊണ്ടാണ് ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസ് നടത്തുന്നത്.