ഫിഫ വേൾഡ് കപ്പ് 2022 ടൂർണമെൻറ്റിനെത്തുന്ന ഹയ്യ കാർഡ് കൈവശമുള്ളവർക്ക് അടിയന്തിര, അത്യാഹിത ചികിത്സാസേവനങ്ങൾ നേടുന്നതിന് അർഹതയുണ്ടായിരിക്കുമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഖത്തർ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പകർച്ചവ്യാധി നിവാരണ വിഭാഗം ഹെഡ് ഡോ. സോഹ അൽ ബയതാണ് ഇക്കാര്യം അറിയിച്ചത്.
ലോകാരോഗ്യ സംഘടനയുടെ ഒരു വെബ്ബിനാറിൽ പങ്കെടുത്ത് കൊണ്ടാണ് അവർ ഇക്കാര്യം അറിയിച്ചത്. ലോകകപ്പ് കാണാനെത്തുന്ന മുഴുവൻ ഫുട്ബാൾ ആരാധകർക്കും ഖത്തറിൽ അടിയന്തിര ചികിത്സാസേവനങ്ങൾ ലഭ്യമാണെന്ന് അവർ വ്യക്തമാക്കി.
ഖത്തറിലെ നിവാസികളല്ലാത്തവരായ ഹയ്യ കാർഡ് ഉടമകൾക്ക് റാപിഡ് ആന്റിജൻ പരിശോധന ഉൾപ്പടെയുള്ള സേവനങ്ങൾ ലഭ്യമാണെന്ന് അവർ കൂട്ടിച്ചേർത്തു. ഇതിനായി രാജ്യവ്യാപകമായി ടെസ്റ്റിംഗ് കേന്ദ്രങ്ങൾ തയ്യാറാക്കുന്നതായും അവർ അറിയിച്ചു. നിലവിൽ 28 സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും നൂറോളം സ്വകാര്യ ക്ലിനിക്കുകളിൽ നിന്നും ഈ സേവനം ലഭ്യമാണെന്ന് അവർ വ്യക്തമാക്കി.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് കാണുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർക്ക് COVID-19 വാക്സിൻ ഉൾപ്പടെയുള്ളവ നിർബന്ധമാക്കിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി. എന്നാൽ രോഗങ്ങൾ കൂടാതെ ഫുട്ബാൾ ആസ്വദിക്കുന്നതിനായി ഇവർ COVID-19, ഇൻഫ്ലുവൻസ വാക്സിനുകൾ സ്വീകരിക്കുന്നതാണ് അഭികാമ്യമെന്ന് അവർ കൂട്ടിച്ചേർത്തു.
ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റ്റ് കാണുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന സന്ദർശകർ COVID-19, ഇൻഫ്ലുവൻസ വാക്സിനുകൾ സ്വീകരിക്കുന്നതാണ് അഭികാമ്യമെന്ന് ഖത്തർ ആരോഗ്യ മന്ത്രാലയം നേരത്തെ നിർദ്ദേശം നൽകിയിരുന്നു.
ഫിഫ ലോകകപ്പ് ഖത്തർ 2022-നെത്തുന്ന ആരാധകർക്കായി രാജ്യത്ത് ഒരുക്കിയിരിക്കുന്ന ആരോഗ്യപരിചരണ സേവനങ്ങളെക്കുറിച്ചും, ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങളെക്കുറിച്ചും അറിവ് നൽകുന്നതിനായി ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക വെബ്സൈറ്റ് ആരംഭിച്ചിട്ടുണ്ട്.