വാണിജ്യ കേന്ദ്രങ്ങളിലും, ഷോപ്പിംഗ് മാളുകളിലും, വ്യാപാരശാലകളിലും COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനകൾ തുടരുന്നതായി സൗദിയിലെ ഈസ്റ്റേൺ പ്രൊവിൻസ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇത്തരം ഇടങ്ങളിൽ കഴിഞ്ഞ ദിവസം മാത്രം ഏതാണ്ട് 1577 പരിശോധനകൾ നടത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.
ഇതിന്റെ ഭാഗമായി നാല് വ്യാപാരശാലകൾ അടപ്പിച്ചതായും, 92 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായും അധികൃതർ വ്യക്തമാക്കി. സമൂഹ അകലം ഉറപ്പാക്കുന്നതിലെ വീഴ്ച്ചകൾ, മാസ്കുകളുടെ ഉപയോഗത്തിലെ വീഴ്ച്ചകൾ, ഉപഭോക്താക്കളുടെ ശരീരോഷമാവ് പരിശോധിക്കുന്നതിലെ വീഴ്ച്ചകൾ, ആൾക്കൂട്ടം നിയന്ത്രിക്കുന്നതിലെ വീഴ്ച്ചകൾ എന്നിവയ്‌ക്കാണ് ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കൈക്കൊണ്ടിട്ടുള്ളത്. ഇതോടൊപ്പം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ ‘Tawakkalna’ ആപ്പ് പരിശോധിക്കുന്നതിലെ വീഴ്ച്ചകൾക്കെതിരെയും നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
940 എന്ന കാൾ സെന്റർ നമ്പറിലൂടെയും, ‘Balady’ ആപ്പിലൂടെയും പൊതുജനങ്ങൾക്ക് തങ്ങളുടെ ശ്രദ്ധയിൽ പെടുന്ന ഇത്തരം വീഴ്ച്ചകൾ മുനിസിപ്പൽ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.