ഒമാൻ: ജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ

GCC News

ജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ സംബന്ധിച്ച് മസ്കറ്റ് മുനിസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സ്ഥാപന ഉടമകൾ ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ജ്യൂസ് ഷോപ്പുകൾ പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ നിബന്ധനകൾ:

  • ഇത്തരം സ്ഥാപനങ്ങളുടെ ഉൾവശം, പരിസരങ്ങൾ എന്നിവ അത്യന്തം ശുചിയായി സൂക്ഷിക്കേണ്ടതാണ്.
  • ശരിയായ ഉപകരണങ്ങൾ, ശുചീകരണ നടപടികൾ, മാലിന്യനിർമാർജന രീതികൾ എന്നിവ ഇത്തരം സ്ഥാപനങ്ങൾക്ക് നിർബന്ധമാണ്.
  • പഴച്ചാർ എടുക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം ഓരോ ഉപയോഗത്തിന് ശേഷവും കൃത്യമായി ശുചിയാക്കേണ്ടതും, അണുവിമുക്തമാക്കേണ്ടതുമാണ്.
  • ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി പഴങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ച് വെക്കേണ്ടതാണ്. ഇതിനായി ഉചിതമായ ഫ്രീസർ, റഫ്രിജറേറ്റർ തുടങ്ങിയ ഉപകരണങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
  • പഴച്ചാർ എടുക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സ്റ്റൈൻലെസ്സ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ചവയായിരിക്കണം.
  • പഴച്ചാർ എടുത്ത ശേഷം അവ ഉടൻ തന്നെ ഉപയോഗിക്കേണ്ടതാണ്. കൂടുതൽ വരുന്ന പഴച്ചാർ പിറ്റേ ദിവസത്തേക്ക് സൂക്ഷിച്ച് വെക്കരുതെന്നും, അവ ഉടൻ തന്നെ ശരിയായ രീതിയിൽ നിർമാർജ്ജനം ചെയ്യണമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
  • കൂടുതൽ വരുന്ന പഴച്ചാർ, പഴച്ചാർ എടുത്ത ശേഷമുള്ള ഫ്രൂട്ട് വേസ്റ്റ് തുടങ്ങിയ ഇവ നിർമാർജ്ജനം ചെയ്യുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള വേസ്റ്റ് കണ്ടൈനറുകളിൽ കൃത്യമായി നിക്ഷേപിക്കേണ്ടതാണ്.
  • ഇത്തരം ഷോപ്പുകൾക്ക് ചുരുങ്ങിയത് 20 സ്‌ക്വയർ മീറ്ററെങ്കിലും വിസ്തൃതി ആവശ്യമാണ്.
  • ജ്യൂസ് ഷോപ്പുകളിലെ ജീവനക്കാർ കൃത്യമായ ശുചിത്വശീലങ്ങൾ പാലിക്കേണ്ടതാണ്. ഇവർ പഴച്ചാർ എടുക്കുന്ന അവസരങ്ങളിലെല്ലാം കയ്യുറകൾ ധരിക്കേണ്ടതാണ്.