H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുതിയ കുവൈറ്റ് അമീർ

GCC News

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബായുടെ നിര്യാണത്തെ തുടർന്ന്, കിരീടാവകാശിയായ H.H. ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് പുതിയ അമീറായി സ്ഥാനമേൽക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് അറിയിച്ചു. സെപ്റ്റംബർ 29-ന് രാത്രി പുറത്തിറക്കിയ ഒരു അറിയിപ്പിലൂടെ കുവൈറ്റ് ഉപ പ്രധാനമന്ത്രിയും, ആഭ്യന്തര വകുപ്പ് മന്ത്രിയുമായ അനസ് അൽ സലേഹാണ് ക്യാബിനറ്റ് തീരുമാനം അറിയിച്ചത്.

2006 മുതൽ 14 വർഷം കുവൈറ്റ് ഭരണാധികാരിയായിരുന്ന ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് സെപ്റ്റംബർ 29-നാണ് അന്തരിച്ചത്. 91 വയസ്സായിരുന്നു. ശാരീരികാസ്വസ്ഥതകളെ തുടർന്ന് 2020 ജൂലൈ മാസം മുതൽ അദ്ദേഹം ചികിത്സായിലായിരുന്നു.

2006-ലാണ് ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് കുവൈറ്റ് കിരീടാവകാശിയായി സ്ഥാനമേറ്റത്. ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹ് ചികിത്സകൾക്കായി 2020 ജൂലൈയിൽ അമേരിക്കയിലേക്ക് യാത്ര തിരിച്ച അവസരത്തിൽ രാജ്യഭരണ ചുമതലകൾ താത്കാലികമായി ഷെയ്ഖ് നവാഫിനെ ഏൽപിക്കുകയുണ്ടായി. 83-കാരനായ ഷെയ്ഖ് നവാഫ് കുവൈറ്റ് പ്രതിരോധ വകുപ്പ് മന്ത്രി, ആഭ്യന്തര വകുപ്പ് മന്ത്രി മുതലായ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.