രാജ്യത്തെ പത്ത് വയസിന് മുകളിൽ പ്രായമുള്ള, പ്രവാസി കുട്ടികൾ ഉൾപ്പടെയുള്ളവർക്ക് ഐഡി കാർഡുകൾ നിർബന്ധമാണെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ഒമാനി പൗരന്മാരും, പ്രവാസികളുമായ കുട്ടികൾക്ക് പത്ത് വയസാകുന്നതോടെ ഐഡി കാർഡുകൾ, റെസിഡൻസി കാർഡുകൾ എന്നിവ നിർബന്ധമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
ഒമാനിലെ പുതുക്കിയ സിവിൽ സ്റ്റാറ്റസ് നിയമങ്ങൾ പ്രകാരമാണ് ഇക്കാര്യം നിർബന്ധമാക്കിയിരിക്കുന്നത്. ഒമാൻ സിവിൽ സ്റ്റാറ്റസ് നിയമത്തിലെ ഭരണപരമായ മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നത് സംബന്ധിച്ച ഉത്തരവ് പോലീസ് ആൻഡ് കസ്റ്റംസ് വകുപ്പ് ഇൻപെക്ടർ ജനറൽ ലെഫ്റ്റനന്റ് ജനറൽ ഹസ്സൻ അൽ ശരിഖി ഒക്ടോബർ 24-ന് പുറത്തിറക്കിയിട്ടുണ്ട്.
പുതുക്കിയ നിയമം അനുസരിച്ച് രാജ്യത്തെ കുട്ടികൾക്ക് പത്ത് വയസ് പൂർത്തിയാക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം ഐഡന്റിറ്റി കാർഡ്, റെസിഡൻസി കാർഡ് എന്നിവയ്ക്കായി അപേക്ഷിച്ചിരിക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഒമാനിലേക്ക് പ്രവേശിക്കുന്ന പത്ത് വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കും ഈ വ്യവസ്ഥ ബാധകമാണ്.
പത്ത് വയസിന് മുകളിൽ പ്രായമുള്ള, ഐഡി കാർഡ് ഇല്ലാത്തവർക്ക്, ഇവർ ഇത്തരം കാർഡുകൾ നിയമപരമായി നേടുന്നത് വരെ ഓരോ മാസവും 5 റിയാൽ വീതം പിഴ ചുമത്തുന്നതാണ്.
ഈ ഉത്തരവ് പ്രകാരം, ഒമാനിലെ പ്രവാസികളുടെ റസിഡന്റ് കാർഡ് കാലാവധി മൂന്ന് വർഷമാക്കി നീട്ടാൻ തീരുമാനിച്ചിട്ടുണ്ട്.