ഇന്ത്യ – ഒമാൻ എയർ ബബിൾ കരാർ നിലവിൽ വന്നു

GCC News

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ പുനരാരംഭിക്കുന്നതിനായി ഇന്ത്യയും ഒമാനും എയർ ബബിൾ കരാറിൽ ഏർപ്പെടാൻ ധാരണയായതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഒക്ടോബർ 1 മുതൽ നവംബർ 30 വരെയുള്ള കാലയളവിൽ, ഇരു രാജ്യങ്ങളിലെയും വിമാന കമ്പനികൾ ഈ ധാരണയുടെ ഭാഗമായി ഇന്ത്യയിൽ നിന്ന് ഓമനിലേക്കും, തിരികെയും പ്രത്യേക സർവീസുകൾ നടത്തുന്നതാണ്.

ഇരുരാജ്യങ്ങളിലെയും വ്യോമയാന അധികൃതർ ഇതിനുള്ള ധാരണയിലെത്തിയതായി ഒക്ടോബർ 1-ന് ഇന്ത്യൻ വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി പ്രഖ്യാപിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ഒമാനിലെ എംബസി ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഇതോടെ നിലവിൽ 16 രാജ്യങ്ങളുമായി ഇന്ത്യ എയർ ബബിൾ കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

ഈ ധാരണയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും വിമാനകമ്പനികളിൽ നടത്തുന്ന ഇത്തരം വിമാനസർവീസുകളിൽ യാത്രചെയ്യാൻ അനുവാദമുള്ളവരെ സംബന്ധിച്ച് ഒമാനിലെ ഇന്ത്യൻ എംബസി നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള യാത്രകൾ:

  • ഒമാൻ പൗരന്മാർ.
  • സാധുതയുള്ള ഒമാൻ റെസിഡൻസി വിസയുള്ള ഇന്ത്യൻ പൗരന്മാർ. ട്രാൻസിറ്റ് യാത്രകൾ അനുവദനീയമല്ല എന്നും, ഒമാനിലേക്ക് മാത്രമുള്ള യാത്രികർക്കാണ് അനുവാദമെന്നും അറിയിപ്പിൽ പറയുന്നുണ്ട്.

ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രകൾ:

  • ഒമാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർ.
  • ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡുള്ള ഒമാൻ പാസ്സ്‌പോർട്ട് ഉള്ളവർ.
  • ഇന്ത്യയുടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ജൂൺ 30-ലെ മാനദണ്ഡങ്ങൾക്കനുസരിച്ച് സാധുതയുള്ള വിസകളുള്ള ഒമാൻ പൗരന്മാർ (നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പടെ).

ഈ നിബന്ധനകൾക്ക് വിധേയമായി ഇരു രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികൾക്കും ഓൺലൈനിലൂടെയും, ഏജൻസികൾ വഴിയും ടിക്കറ്റുകൾ വിൽക്കുന്നതിന് അനുമതി നൽകിയിട്ടുണ്ടെന്നും എംബസി അറിയിപ്പിൽ പറയുന്നുണ്ട്.