കുവൈറ്റ്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി ഒപ്പ് വെച്ചു

featured GCC News

ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികളെ കുവൈറ്റിൽ നിയമിക്കുന്നത് സംബന്ധിച്ച ധാരണാപത്രത്തിൽ ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ജയശങ്കർ ഒപ്പ് വെച്ചു. ഇരുരാജ്യങ്ങളുടെയും വിദേശകാര്യവകുപ്പുകളാണ് ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പ് വെച്ചത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം, ഇന്ത്യയിൽ നിന്ന് ഗാർഹിക തൊഴിലാളികളെ കുവൈറ്റിൽ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സുഗമവും, സുതാര്യവുമായി മാറും. ഇത്തരം മേഖലകളിലെ ചൂഷണങ്ങളിൽ നിന്ന് ഗാർഹിക ജീവനക്കാർക്ക് സംരക്ഷണം ഉറപ്പാക്കുന്നതിനും ഈ നടപടി സഹായകമാകുന്നതാണ്.

കുവൈറ്റ് വിദേശകാര്യ മന്ത്രി ഡോ. അഹ്‌മദ്‌ അൽ സബാഹ്, കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ H.E. സിബി ജോർജ്, കുവൈറ്റ് വിദേശകാര്യ വകുപ്പ് സഹമന്ത്രി മജ്ദി അൽ ദഫ്‌രി മുതലായവരുടെ സാന്നിധ്യത്തിലാണ് ഈ ധാരണാപത്രത്തിൽ ഡോ. എസ്. ജയശങ്കർ ഒപ്പ്‌വെച്ചത്. ഈ ധാരണാപത്രം നിലവിൽ വന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഗാർഹിക ജീവനക്കാർക്ക് കുവൈറ്റിലെ നിയമസംവിധാനങ്ങളുടെ ചട്ടക്കൂടിനുള്ളിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും, നിയമപരിരക്ഷ ഉറപ്പാക്കുന്നതിനും സാധിക്കുന്നതാണ്.

തൊഴിലുടമയുടെയും, ഗാർഹിക തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ, ഗാർഹിക ജീവനക്കാർക്ക് ആവശ്യമായ സഹായങ്ങൾ 24 മണിക്കൂറും ഉറപ്പ് വരുത്തുന്നതിനുള്ള ഒരു സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള ഒരു കരാറും ഇതിന്റെ ഭാഗമായി തയ്യാറാക്കിയിട്ടുണ്ട്.

Cover Photo: Indian Embassy in Kuwait (Glimpses from the Virtual Address by Hon’ble External Affairs Minister H.E Dr S Jaishankar to the Indian Community and friends of India in Kuwait.)