പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി അബുദാബിയിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഓഗസ്റ്റ് 12, വ്യാഴാഴ്ച്ചയാണ് എംബസി ഇത് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്.
ഈ അറിയിപ്പ് പ്രകാരം, ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നവർക്ക്, ഇനിമുതൽ ഇതിനായി യു എ ഇ പോലീസിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ പ്രവാസികൾക്ക് നിലവിലെ സാഹചര്യത്തിൽ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി, ഇത്തരം അപേക്ഷകളോടൊപ്പം നൽകേണ്ടിയിരുന്ന യു എ ഇ പോലീസിൽ നിന്നുള്ള PCC ഒഴിവാക്കിയതായാണ് എംബസി അറിയിച്ചിട്ടുള്ളത്.
ഇന്ത്യയിൽ നിന്നുള്ള പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാകുന്ന ഇന്ത്യക്കാർക്ക് BLS International സേവനകേന്ദ്രത്തിലെത്തി ഇതിനായുള്ള അപേക്ഷകൾ നൽകാവുന്നതാണെന്നും, ഇതിനായി യു എ ഇ പോലീസിൽ നിന്നുള്ള PCC ആവശ്യമില്ലെന്നും എംബസി കൂട്ടിച്ചേർത്തു. COVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രവാസി ഇന്ത്യക്കാരുടെ സമയം, പണം എന്നിവ ലാഭിക്കുന്നതിനായാണ് ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കി.
https://indembassyuae.gov.in/pdf/ADVISORY%20REGARDING%20POLICE%20CLEARANCE%20CERTIFICATE-12-08-2021.pdf എന്ന വിലാസത്തിൽ ഈ അറിയിപ്പ് ലഭ്യമാണ്.