കുവൈറ്റിലേക്ക് തിരികെ മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്കായി ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി

featured GCC News

കുവൈറ്റിലേക്ക് തിരികെ മടങ്ങാനാകാതെ ഇന്ത്യയിൽ തുടരുന്ന പ്രവാസികളുടെ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങളുമായി ബന്ധപ്പെട്ട് കുവൈറ്റിലെ ഇന്ത്യൻ എംബസി ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ തിരികെ മടങ്ങുന്നതിനുള്ള അനുമതി ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ഇന്ത്യൻ പ്രവാസികൾ ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് എംബസി ഈ പത്രക്കുറിപ്പ് പുറത്തിറക്കിയത്.

ഇന്ത്യൻ പ്രവാസികളുടെ കുവൈറ്റിലേക്കുള്ള മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും നിലവിൽ കുവൈറ്റ് അധികൃതരുടെ മുൻപാകെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട് എംബസി കുവൈറ്റ് അധികൃതരുമായി ചേർന്ന് തുടര്‍നടപടികൾ കൈക്കൊണ്ട് വരുന്നതായും ഈ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോർട്ടലിൽ ഇന്ത്യക്കാരുൾപ്പടെയുള്ളവർ രജിസ്റ്റർ ചെയ്തിട്ടുള്ള COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുന്നതായി കുവൈറ്റ് അധികൃതർ അറിയിച്ചതായി എംബസി ഈ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗികമായി നിരസിക്കപ്പെടുന്ന COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ സംബന്ധിച്ച് രജിസ്റ്റർ ചെയ്ത വ്യക്തിക്ക് കുവൈറ്റ് അധികൃതർ ഇ-മെയിൽ മുഖേന അറിയിപ്പ് നൽകുമെന്നും, ഈ അറിയിപ്പിൽ COVID-19 വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിരസിക്കപ്പെടാനുണ്ടായ കാരണം വ്യക്തമാക്കുമെന്നും എംബസി അറിയിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ നടപടികളിൽ തെറ്റ് വരുത്തിയവർക്ക് കുവൈറ്റ് അധികൃതരിൽ നിന്ന് ഇത് സംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതാണ്.

ഇത് സംബന്ധിച്ച് കുവൈറ്റ് അധികൃതരിൽ നിന്ന് ഇതുവരെ മറുപടികൾ ലഭിക്കാത്തവർ, രജിസ്‌ട്രേഷൻ സംബന്ധമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നത് വരെ കാത്തിരിക്കാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. കുവൈറ്റിലേക്ക് മടങ്ങിയെത്തേണ്ട അടിയന്തിര സാഹചര്യങ്ങളിലുള്ളവരുമായി ബന്ധപ്പെട്ട കേസുകൾ എംബസി നേരിട്ട് കുവൈറ്റ് അധികൃതരെ ധരിപ്പിക്കുമെന്നും, ഇത്തരം സാഹചര്യങ്ങളിലുള്ള പ്രവാസികൾക്ക് തങ്ങളുടെ മുഴുവൻ പേര്, പൂർണ്ണ വിവരങ്ങൾ, അടിയന്തിര സാഹചര്യം സംബന്ധിച്ച വിവരങ്ങൾ എന്നിവ info.kuwait@mea.gov.in എന്ന വിലാസത്തിലേക്ക് അയക്കാവുന്നതാണെന്നും എംബസി വ്യക്തമാക്കി. ഇത്തരം പ്രവാസികളുടെ അടിയന്തിര സാഹചര്യം വ്യക്തമാക്കിക്കൊണ്ട് അവരുടെ കുവൈറ്റിലെ സ്പോൺസർ അല്ലെങ്കിൽ തൊഴിലുടമയുടെ ഭാഗത്ത് നിന്ന് സാക്ഷ്യപ്പെടുത്തൽ രേഖ ആവശ്യമാണ്.

എംബസിയിലേക്ക് ഇത്തരം ഇമെയിൽ അയക്കുന്നവർ താഴെ പറയുന്ന രേഖകളുടെ കോപ്പികൾ നിർബന്ധമായും അയക്കേണ്ടതാണ്:

  • പാസ്സ്‌പോർട്ട്.
  • സിവിൽ ഐഡി.
  • തൊഴിൽ കരാർ (കൈവശം ഉണ്ടെങ്കിൽ)
  • കുവൈറ്റിലേക്ക് മടങ്ങുന്നതിനായുള്ള അപേക്ഷ കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിൽ സമർപ്പിച്ചതിന്റെ രേഖ.
  • Kuwait Mosafer, Shlonik, Immune/Kuwait Mobile ID തുടങ്ങിയ സംവിധാനങ്ങളിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയതിന്റെ രേഖകൾ.

ഇത്തരം രേഖകൾ ഇല്ലാത്തതോ, പൂർണ്ണ വിവരങ്ങൾ ഇല്ലാത്തതോ ആയ ഇമെയിൽ സന്ദേശങ്ങളിൽ നടപടികൾ കൈകൊള്ളുന്നതല്ലെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. info.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുന്ന ഇത്തരം അപേക്ഷകൾ മാത്രമാണ് പരിഗണിക്കുന്നതെന്നും, ഇത് സംബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ മറ്റ് ഇമെയിൽ വിലാസങ്ങളിലേക്ക് അയക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.

https://indembkwt.gov.in/pdf/Advisory%20-%20Processing%20of%20Vaccination%20Certificates%20-%20Stranded%20Indian%20nationals%20-%2004%20August%202021%20(1).pdf എന്ന വിലാസത്തിൽ കുവൈറ്റിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ ഈ പത്രക്കുറിപ്പ് ലഭ്യമാണ്.

അതേസമയം, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ COVID-19 വ്യാപനം രൂക്ഷമായി തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്ക് കുവൈറ്റിലേക്ക് നിലവിൽ നേരിട്ടുള്ള പ്രവേശനം അനുവദിച്ചിട്ടില്ലെന്ന് കുവൈറ്റ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള വിമാനസർവീസുകൾ അനുവദിക്കുന്നതിന്റെ സാധ്യതകൾ പരിശോധിച്ച് വരുന്നതായി കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) ഡയറക്ടർ യൗസേഫ് ഫവാസാൻ ഏതാനം ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.