COVID-19 പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്ട്രേഷൻ നടപടികൾ കുവൈറ്റിലെ ഇന്ത്യൻ എംബസി ജൂൺ 1 മുതൽ പുനരാരംഭിച്ചു. ഈ നടപടികൾ മെയ് പകുതി മുതൽ താത്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
https://indembkwt.com/eva/ എന്ന വിലാസത്തിലൂടെ കുവൈറ്റിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് എംബസിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
മെയ് മാസം ഒന്നാം തീയ്യതി മുതൽ കുവൈത്തിൽ കുടുങ്ങി കഴിയുന്നവരെ നാട്ടിലെത്തിക്കാനായി എംബസി വഴി വിവര ശേഖരണം ആരംഭിച്ചിരുന്നു. ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും, പിന്നീട് വന്ദേ ഭാരത് മിഷന്റെ ഭാഗമായി കേന്ദ്ര സർക്കാർ വിമാന സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചതോടെ എംബസി വഴി രജിസ്റ്റർ ചെയ്യുന്നതിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അടിയന്തര ചികിൽസ ആവശ്യമുള്ളവർ, ഗർഭിണികൾ തുടങ്ങി 15-ദിവസം കൊണ്ട് 68,000-ൽ അധികം ആളുകൾ നാട്ടിൽ പോകാനായി രജിസ്റ്റർ ചെയ്തിരുന്നു. തിരക്ക് കൂടിയതോടെ മെയ് 15 മുതൽ ഈ സംവിധാനം എംബസി താത്കാലികമായി നിർത്തിവെച്ചു.
ഈ രജിസ്ട്രേഷൻ നടപടികളാണ് ഇപ്പോൾ മുതൽ പുനരാരംഭിച്ചിട്ടുള്ളത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായി കഴിഞ്ഞ മൂന്നാഴ്ചക്കിടയിൽ ഇന്ന് വരെ 9 വിമാനങ്ങളാണ് കേരളത്തിലേക്ക് സർവീസ് നടത്തിയത്. അകെ 1700 -ഓളം മലയാളികളാണ് ഇതുവരെ കേരളത്തിലേക്ക് മടങ്ങിയത്. കൂടാതെ ജൂൺ 4, വ്യാഴാഴ്ച്ച ഒരു സർവീസ് കോഴിക്കോട്ടക്കും (IX 1396) നിലവിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ, ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി നൽകുന്ന മുറയക്ക് നിരവധിയാളുകൾ നാട്ടിലേക്ക് മടങ്ങാൻ കുവൈറ്റിൽ തയ്യാറായിട്ടുണ്ട്. ചാർട്ടേർഡ് വിമാനങ്ങളിൽ മടങ്ങുന്നവർക്കും എംബസി രജിസ്ട്രേഷൻ നിർബന്ധമാണ്. പ്രസ്തുത സാഹചര്യത്തിൽ കൂടിയാണ് എംബസി വീണ്ടും രജിസ്ട്രേഷൻ നടപടികൾ പുനരാരംഭിച്ചത് എന്ന് വേണം വിലയിരുത്താൻ.
തയ്യാറാക്കിയത്: Anil P Alex – Kuwait