സാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി പ്രത്യേക രജിസ്‌ട്രേഷൻ ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു. ഇത്തരത്തിൽ യാത്രാരേഖകൾ കൈവശമില്ലാത്ത, എന്നാൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുള്ളവർക്കായി, പ്രത്യേക എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള രജിസ്‌ട്രേഷൻ നടപടികളാണ് എംബസി ആരംഭിച്ചിട്ടുള്ളത്.
കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://indembkwt.gov.in എന്ന വിലാസത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനത്തിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചിട്ടുള്ളത്. https://forms.gle/pMf6kBxix4DYhzxz7 അല്ലെങ്കിൽ https://docs.google.com/forms/d/e/1FAIpQLSeMOW12pG68XRgEY-I9D6drWwyMiMXA_xPnJwFfV-jNwzq28g/viewform എന്നീ വിലാസങ്ങളിലൂടെ പാസ്പോർട്ടോ, മറ്റു സാധുതയുള്ള യാത്രാരേഖകളോ ഇല്ലാത്തവർക്ക് തങ്ങളുടെ വിവരങ്ങൾ എംബസിയുമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഓൺലൈനിലൂടെ ഈ അപേക്ഷകൾ പൂരിപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക്, പൂരിപ്പിച്ച അപേക്ഷാ ഫോം എംബസിയുടെ കോൺസുലാർ ഹാളിലുള്ള ഇത്തരം അപേക്ഷകൾ സ്വീകരിക്കുന്ന സംവിധാനത്തിലോ, ഫഹാഹീൽ, ഷർഖ്, ജെലീബ് അൽ ശുവൈഖ് എന്നിവിടങ്ങളിലെ ഇന്ത്യൻ പാസ്സ്‌പോർട്ട് ഓഫീസുകളിലോ നൽകാവുന്നതാണ്.
എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള അപേക്ഷയുമായി ബന്ധപ്പെട്ട് കുവൈറ്റ് ഇന്ത്യൻ എംബസി നൽകുന്ന നിർദ്ദേശങ്ങൾ:
- സാധുതയുള്ള യാത്രാരേഖകൾ ഇല്ലാത്ത, അനധികൃത കുടിയേറ്റക്കാരായി ഒരു രാജ്യത്ത് തുടരുന്ന ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ അനുവദിക്കുന്ന ഒരു രേഖയാണ് എമർജൻസി സർട്ടിഫിക്കറ്റ്. ഇത്തരം എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് 6 മാസത്തെ സാധുതയാണുള്ളത്.
- സാധുതയുള്ള യാത്രാരേഖകൾ ഉള്ള ഇന്ത്യക്കാർ ഇതിനായി അപേക്ഷിക്കേണ്ട ആവശ്യമില്ല.
- എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കപ്പെടുന്ന ഒരാളുടെ മുൻപ് അനുവദിക്കപ്പെട്ട എല്ലാ രേഖകളും (പാസ്സ്‌പോർട്ട് ഉൾപ്പടെ) അസാധുവാകുന്നതാണ്.
- എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കപ്പെടുന്നവർക്ക്, ഈ ഒരു കാരണത്താൽ മാത്രം കുവൈറ്റ് അധികൃതരുടെ യാത്രാനുവാദം ലഭിക്കുന്നതല്ല. കുവൈറ്റ് അധികൃതർ ചുമത്തിയിട്ടുള്ള പിഴകൾ, മറ്റു നിയന്ത്രണങ്ങൾ എന്നിവ ഉള്ളവർക്ക് അവ സംബന്ധിച്ച് തീർപ്പാക്കിയ ശേഷം മാത്രമാണ് യാത്ര സാധ്യമാകുന്നത്.
- വ്യാജമായ ലക്ഷ്യത്തോടെ, പാസ്പോർട്ട് മുതലായവ നഷ്ടമായെന്ന് തെറ്റായി അറിയിച്ച് എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുന്നത് 5000 രൂപവരെ പിഴ ചുമത്താവുന്ന കുറ്റമാണ്.
- ഒരു തവണ എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കപ്പെട്ട ഒരാൾക്ക് രണ്ടാമതും അവ അനുവദിക്കുന്നത് തീർത്തും ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ്. ഇത്തരത്തിൽ വീണ്ടും എമർജൻസി സർട്ടിഫിക്കറ്റിനായി നൽകുന്ന അപേക്ഷകളോടൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനായി എടുത്തിട്ടുള്ള ടിക്കറ്റിന്റെ കോപ്പി നിർബന്ധമായും നൽകേണ്ടതാണ്.
ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും, സംശയനിവാരണത്തിനുമായി community.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.
ഈ രജിസ്ട്രേഷൻ നടപടികൾ തീർത്തും സൗജന്യമാണെന്നും എംബസി അറിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച അപേക്ഷകൾക്ക് എമർജൻസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള ചാർജുകൾ, എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്ന ഘട്ടത്തിൽ എംബസി അപേക്ഷകരിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്നതാണ്.