ഒമാൻ: പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടത്തുന്നതിന് വ്യക്തികൾക്ക് വിലക്കേർപ്പെടുത്തി

featured GCC News

രാജ്യത്തെ പൊതുജനങ്ങളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ സംഭാവനകൾ സ്വീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് സോഷ്യൽ ഡവലപ്മെന്റ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ‘336/2024’ എന്ന ഒരു ഔദ്യോഗിക തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് സ്വകാര്യ സ്ഥാപനങ്ങൾ സംഭാവനകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട പുതുക്കിയ മാനദണ്ഡങ്ങൾ ഈ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ പുതിയ തീരുമാനപ്രകാരം, പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ്, സംഭാവന തുടങ്ങിയവ സ്വീകരിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസ് നിർബന്ധമാണ്. ഒമാൻ സർക്കാർ രൂപീകരിച്ചിട്ടുള്ള സ്ഥാപനങ്ങൾ, കമ്മിറ്റികൾ തുടങ്ങിയവയ്ക്ക് ഈ തീരുമാനം ബാധകമല്ല.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മാത്രമാണ് ഇത്തരം ലൈസൻസുകൾ നൽകുന്നത്. വ്യക്തമായ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇത്തരം ലൈസൻസ് അനുവദിക്കുന്നത്.

വ്യക്തികൾ നേരിട്ട് ഇത്തരം ആവശ്യങ്ങൾക്കായി പൊതുജനങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതും, പണപ്പിരിവ് നടത്തുന്നതും ഈ പുതിയ തീരുമാനത്തിന്റെ ഭാഗമായി കർശനമായി വിലക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമാണ് ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പണപ്പിരിവ് അനുവദിക്കുന്നത്.

വ്യക്തികൾക്ക്, അധികൃതരിൽ നിന്നുള്ള പ്രത്യേക അനുമതിയില്ലതെ, നേരിട്ട് ഇത്തരത്തിൽ പണം പിരിക്കുന്നതിനോ, ഇത്തരം സഹായങ്ങൾ ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യങ്ങൾ നൽകുന്നതിനോ അനുവാദം ഉണ്ടായിരിക്കുന്നതല്ല.