സൗദി അറേബ്യ: റിയാദിലെ ഇറാൻ എംബസി തുറന്നു

GCC News

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി, റിയാദിലെ ഇറാൻ എംബസി ഏഴ് വർഷത്തിന് ശേഷം ആദ്യമായി തുറന്നു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയും, ഇറാനും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇറാനിൽ നിന്നുള്ള ഒരു പ്രതിനിധിസംഘം സൗദി അറേബ്യയിൽ എത്തി ചേർന്നതായി ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് ഏതാനം മണിക്കൂറുകൾക്ക് ശേഷമാണ് റിയാദിലെ ഇറാൻ എംബസി തുറന്നത്.

ഇരുരാജ്യങ്ങൾക്കിടയിലുമുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ സൗദി അറേബ്യയും ഇറാനും തമ്മിൽ 2023 മാർച്ച് 10-ന് ചൈനയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളിൽ ധാരണയിലെത്തിയിരുന്നു.

നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതിനൊപ്പം വ്യാപാര, നിക്ഷേപ, സുരക്ഷാ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ നേരത്തെ കൈകൊണ്ടിട്ടുള്ള തീരുമാനങ്ങൾ പ്രകാരമുള്ള നടപടികൾ പുനരാരംഭിക്കാനും സൗദി അറേബ്യയും, ഇറാനും ധാരണയിലെത്തിയിട്ടുണ്ട്.