ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 16-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ സെമി-ഫൈനൽ മത്സരത്തിൽ ഇറാഖ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഖത്തറിനെ പരാജയപ്പെടുത്തി.
മത്സരത്തിന്റെ പത്തൊമ്പതാം മിനിറ്റിൽ ഇബ്രാഹിം ബയേഷ് ഇറാഖിന് വേണ്ടി ആദ്യ ഗോൾ സ്‌കോർ ചെയ്തു.
ആമിർ അൽ അമ്മാരിയെടുത്ത ഒരു ഫ്രീകിക്ക് ഖത്തർ ഗോൾപോസ്റ്റ് ലക്ഷ്യമാക്കി മുസ്തഫ നദീം ഹെഡ് ചെയ്‌തെങ്കിലും ഖത്തർ ഗോൾകീപ്പർ മെഷാൽ ബാർഷം ബോൾ ഡൈവ് ചെയ്ത് കുത്തിയകറ്റി.
ഗോൾകീപ്പർ തട്ടിയകറ്റിയ പന്ത് ഇബ്രാഹിം ബയേഷ് കൃത്യമായി ഖത്തർ പോസ്റ്റിലേക്ക് അടിച്ച് കയറ്റുകയായിരുന്നു.
ഇരുപത്തെട്ടാം മിനിറ്റിൽ അമ്രോ സിറാജ് ഖത്തറിന് വേണ്ടി സമനില നേടി.
ഇറാഖ് ഗോൾകീപ്പർ ജലാൽ ഹസൻ തട്ടിയകറ്റിയ പന്തിൽ നിന്നാണ് അമ്രോ സിറാജ് ഗോൾ നേടിയത്. ടൂർണമെന്റിൽ അമ്രോ സിറാജ് നേടുന്ന രണ്ടാം ഗോളാണിത്.
എന്നാൽ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ അയ്‌മെൻ ഹുസൈൻ ഇറാഖിന്റെ വിജയഗോൾ സ്‌കോർ ചെയ്തു.
പെനാൽറ്റി ബോക്‌സിന് തൊട്ട് പുറത്ത് നിന്ന് അയ്‌മെൻ ഹുസൈൻ തൊടുത്ത ഷോട്ട് ഖത്തർ ഡിഫെൻഡൻ ജസീം ഗാബറിന്റെ കാലിൽ തട്ടി ഗോൾപോസ്റ്റിൽ കയറുകയായിരുന്നു.
Cover Image: WAM.