രാജ്യത്ത് ഒരു വ്യക്തിയെയോ, ഒരു പ്രത്യേക വിഭാഗത്തെയോ ഭീഷണിപ്പെടുത്തുന്ന രീതിയിലുള്ള പ്രവർത്തികൾ കൊടിയ കുറ്റകൃത്യമായി കണക്കാക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തികൾക്ക് കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
- സ്വന്തം ജീവനോ, മറ്റുള്ളവരുടെ ജീവനോ, സ്വത്തിനോ അപകടങ്ങൾക്കിടയാക്കുമെന്ന രീതിയിൽ വാക്കാലോ, എഴുത്തിലൂടെയോ ഭീഷണി മുഴക്കുന്നവർക്ക് പീനൽ കോഡിലെ ആർട്ടിക്കിൾ 351 പ്രകാരം ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്. മറ്റുള്ളവരെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുമെന്ന രീതിയിലുള്ള ഭീഷണികൾക്കും ഇതേ ശിക്ഷ ലഭിക്കാവുന്നതാണ്.
- മുകളിൽ പറഞ്ഞിട്ടുള്ള പ്രവർത്തികളിൽ പെടാത്ത രീതിയിൽ, മറ്റുള്ളവർക്കെതിരെ കുറ്റകൃത്യം നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നവരെയും, സ്വകാര്യ വിവരങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തുന്നവരെയും ആർട്ടിക്കിൾ 352 പ്രകാരം തടഞ്ഞ് വെക്കുന്നതിന് അധികൃതർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
- മറ്റുള്ളവരെ വാക്കുകൾ കൊണ്ടോ, പ്രവർത്തികൊണ്ടോ, ആംഗ്യങ്ങളിലൂടെയോ, എഴുത്തു മുഖേനെയോ, മറ്റൊരാൾ വഴിയോ ഭീഷണിപ്പെടുത്തുന്നവരെ (മുകളിൽ പറഞ്ഞിട്ടുള്ള 2 സാഹചര്യങ്ങൾ അല്ലാത്ത മറ്റു കേസുകളിൽ) ഒരു വർഷം വരെ തടഞ്ഞ് വെക്കുന്നതിന് അധികൃതർക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്. ഇതിന് പുറമെ ഇത്തരക്കാർക്ക് 10000 ദിർഹം വരെ പിഴ ചുമത്താവുന്നതാണ്.