രാജ്യത്ത് പ്രവാസികൾക്കായി അടുത്തിടെ നടപ്പിലാക്കിയ ഡിജിറ്റൽ ഇഖാമ എപ്പോഴും കൈവശം കരുതണമെന്ന് നിർബന്ധമില്ലെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) വ്യക്തമാക്കി. ജവാസത് ഔദ്യോഗിക വക്താവ് ക്യാപ്റ്റൻ നാസ്സർ അൽ ഉതൈബിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രവാസികൾ പ്രിന്റ് ചെയ്തിട്ടുള്ള ഐഡി കാർഡ് രൂപത്തിലുള്ള ഇഖാമ, ഡിജിറ്റൽ ഇഖാമ ഇവയിലേതെങ്കിലും ഒന്ന് മാത്രം തങ്ങളുടെ കൈവശം കരുതിയാൽ മതിയെന്നും, എല്ലാ പരിശോധനകളിലും ഡിജിറ്റൽ ഇഖാമ നിർബന്ധമാക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐഡി കാർഡ് രൂപത്തിലുള്ള ഇഖാമ കൊണ്ട് നടക്കുന്നതിനുള്ള അസൗകര്യം ഒഴിവാക്കാനും, അധികൃതർക്ക് ഐഡി പരിശോധിക്കുന്നത് എളുപ്പത്തിലാക്കുന്നതിനും ഡിജിറ്റൽ ഇഖാമ സൗകര്യം ഒരുക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
2021 ജനുവരിയിലാണ് സൗദി ആഭ്യന്തര മന്ത്രാലയം അബഷിർ ഇൻഡിവിഡ്വൽ ആപ്പിൽ ഡിജിറ്റൽ ഇഖാമ ഐഡികൾ നൽകിത്തുടങ്ങിയത്. തങ്ങളുടെ ഫോണിൽ അബ്ഷിർ ഇൻഡിവിഡ്വൽ ആപ് ഉപയോഗിച്ച് കൊണ്ട് പ്രവാസികൾക്ക് ഡിജിറ്റൽ ഇഖാമ മൊബൈൽ ഫോണിൽ സൂക്ഷിക്കാവുന്നതാണ്. പോലീസ്, മറ്റ് സുരക്ഷാ വിഭാഗങ്ങൾ എന്നിവർ തിരിച്ചറിയൽ രേഖ ആവശ്യപ്പെടുന്ന അവസരത്തിൽ യഥാർഥ ഇഖാമയ്ക്ക് പകരം മൊബൈൽ ഫോണിലുള്ള ഡിജിറ്റൽ ഇഖാമ പരിശോധനയ്ക്കായി നൽകാവുന്നതാണ്. ഇഖാമ ഐഡി കാർഡ് കൈവശം കരുതാത്തതിനുള്ള പിഴ ഒഴിവാക്കാൻ ഡിജിറ്റൽ ഇഖാമ ഏറെ പ്രയോജനപ്രദമാണ്.