ഹജ്ജ് പെർമിറ്റ് ഇല്ലാത്ത വ്യക്തികൾക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷകൾ ലഭിക്കുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകി. സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇത്തരം പ്രവർത്തനങ്ങൾ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തികളിലേർപ്പെടുന്നവർക്ക് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ, അനധികൃതമായി യാത്രാ സേവനങ്ങൾ നൽകുന്ന ഓരോ തീർത്ഥാടകനും അമ്പതിനായിരം റിയാൽ വെച്ച് സേവനങ്ങൾ നൽകുന്ന വ്യക്തികൾക്ക് പിഴ ചുമത്തുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ അധികൃതർ പിടിച്ചെടുക്കുന്നതാണ്. ഇത്തരം പ്രവർത്തികളിലേർപ്പെടുന്ന പ്രവാസികളെ ശിക്ഷാ നടപടികൾക്ക് ശേഷം നാട് കടത്തുന്നതാണ്. ഇവർക്ക് നിയമം അനുശാസിക്കുന്ന കാലയളവിൽ സൗദി അറേബ്യയിലേക്ക് തിരികെ പ്രവേശനം നൽകുന്നതല്ല.