കിംഗ് ഫഹദ് കോസ്‌വേ ഫീസ് ഫെബ്രുവരി 18 മുതൽ വർദ്ധിപ്പിക്കുന്നു

featured GCC News

2026 ഫെബ്രുവരി 18 മുതൽ കിംഗ് ഫഹദ് കോസ്‌വേ ഉപയോഗിക്കുന്നവർക്കുള്ള ക്രോസിങ് ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. 2026 ഫെബ്രുവരി 2-നാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

ഫെബ്രുവരി 18 മുതൽ കിംഗ് ഫഹദ് കോസ്‌വേയുമായി ബന്ധപ്പെട്ട പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതാണ്. പുതുക്കിയ ടോൾ പ്രകാരം ഫെബ്രുവരി 18 മുതൽ കാറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും 35 റിയാൽ, മിനി ബസുകൾക്ക് 55 റിയാൽ, വലിയ ബസുകൾക്ക് 70 റിയാൽ, ട്രക്കുകൾക്ക് ടണ്ണിന് 7 റിയാൽ എന്നീ നിരക്കിലായിരിക്കും ഈ ഫീസ് ഈടാക്കുന്നത്.

വിദ്യാർത്ഥികൾ, വികലാംഗർ, ദിവസേന പതിവായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് ഈ വർധന ബാധകമാകില്ല. പതിവായി യാത്ര ചെയ്യുന്നവർക്കായി അധികൃതർ താഴെ പറയുന്ന രീതിയിലുള്ള പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്:

  • ഫ്രീക്വന്റ് ട്രാവലർ പാക്കേജ് – ടോൾ ഫീസിൽ 40 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന ഈ പാക്കേജ് ദിവസവും, അല്ലെങ്കിൽ മിക്കവാറും എല്ലാ ദിവസവും കിംഗ് ഫഹദ് കോസ്‌വേയിലൂടെ സഞ്ചരിക്കുന്ന യാത്രികർക്കുള്ളതാണ്. 850 റിയാലാണ് ഈ പാക്കേജിന് ഈടാക്കുന്നത്. ഇതിന്റെ സാധുത ഒരു മാസം അല്ലെങ്കിൽ 40 തവണ പാലം മുറിച്ച് കടക്കുന്നത് (ഒരു വശത്തേക്ക് അല്ലെങ്കിൽ ഇതുവശത്തേക്കും) വരെയാണ്.
  • ഫ്രീക്വന്റ് ട്രാവലർ പാക്കേജ് 2 – ടോൾ ഫീസിൽ 20 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന ഈ പാക്കേജ് ഇടയ്ക്കിടെ കിംഗ് ഫഹദ് കോസ്‌വേയിലൂടെ സഞ്ചരിക്കുന്ന യാത്രികർക്കുള്ളതാണ്. 1120 റിയാലാണ് ഈ പാക്കേജിന് ഈടാക്കുന്നത്. ഇതിന്റെ സാധുത ഒരു വർഷം അല്ലെങ്കിൽ 40 തവണ പാലം മുറിച്ച് കടക്കുന്നത് (ഒരു വശത്തേക്ക് അല്ലെങ്കിൽ ഇതുവശത്തേക്കും) വരെയാണ്.
  • റൌണ്ട് ട്രിപ്പ് പാക്കേജ് – ടോൾ ഫീസിൽ 15 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്ന ഈ പാക്കേജിന് 60 റിയാലാണ് ഈടാക്കുന്നത്. ഇതിന്റെ സാധുത ആദ്യ തവണ പാലം മുറിച്ച് കടക്കുന്ന തീയതി മുതൽ ഒരാഴ്ച, അല്ലെങ്കിൽ ആദ്യ 2 തവണ പാലം മുറിച്ച് കടക്കുന്നത് (ഒരു വശത്തേക്ക് അല്ലെങ്കിൽ ഇതുവശത്തേക്കും) വരെയാണ്.