യു എ ഇയിലെ സ്വകാര്യ മേഖലയിലെ തൊഴിൽ ബന്ധങ്ങളുടെ നിയന്ത്രണം സംബന്ധിച്ച് നടപ്പിലാക്കുന്ന പുതിയ നടപടികളുമായി ബന്ധപ്പെട്ട് പ്രസിഡന്റ് H.H. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫെഡറൽ ഉത്തരവ് 2021-ലെ നമ്പർ 33 നിയമം ഔദ്യോഗികമായി പുറത്തിറക്കി. ഈ ഉത്തരവ് അനുസരിച്ച് യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ നടപ്പിലാക്കുന്ന പുതിയ നിയമങ്ങൾ 2022 ഫെബ്രുവരി 2 മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.
രാജ്യവ്യാപകമായി തൊഴിൽ വിപണിയുടെ വഴക്കം, പ്രതിരോധശേഷി, സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ പുതിയ ഉത്തരവ്-നിയമം പുറത്തിറക്കിയിരിക്കുന്നത്. തൊഴിലാളികളുടെ ക്ഷേമവും നന്മയും അതിന്റെ കാതലായി സ്ഥാപിക്കുന്ന ഈ നിയമത്തിൽ സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാർക്കും സുരക്ഷിതവും ആരോഗ്യകരവും ബിസിനസ്സ് അനുകൂലവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിന് നിരവധി നടപടികൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മുഴുവൻ സമയ, പാർട്ട് ടൈം, താൽക്കാലിക, ഫ്ലെക്സി ജോലികൾ ഉൾപ്പെടെയുള്ള വിവിധ തൊഴിൽ വിഭാഗങ്ങൾക്ക് ബാധകമാക്കുന്ന ഈ നിയമം, ഓരോ വിഭാഗത്തിലെയും രണ്ട് കക്ഷികളുടെയും ഉത്തരവാദിത്തങ്ങൾ പ്രതിപാദിക്കുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ഈ നിയമപ്രകാരം യു എ ഇയിലെ സ്വകാര്യ തൊഴിൽ മേഖലയിൽ 2022 ഫെബ്രുവരി മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ താഴെ രേഖപ്പെടുത്തിയിരിക്കുന്നു:
തൊഴിലിടങ്ങളിലെ വിവേചനങ്ങൾ ഒഴിവാക്കുന്നതിനുള്ള വ്യവസ്ഥകൾ:
- തൊഴിൽ ദാതാവ് തൊഴിലാളിയെ ഏതെങ്കിലും രീതിയിൽ നിർബന്ധിക്കുന്നതോ ശിക്ഷിക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ ഒരു മാർഗവും ഉപയോഗിക്കരുതെന്ന് ഈ നിയമത്തിലെ ആർട്ടിക്കിൾ 74 വ്യവസ്ഥ ചെയ്യുന്നു.
- തൊഴിൽ ദാതാവ്, ജോലിസ്ഥലത്തെ അവന്റെ/അവളുടെ മേലുദ്യോഗസ്ഥർ അല്ലെങ്കിൽ സഹപ്രവർത്തകർ എന്നിവരാൽ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വാക്കാലുള്ളതോ ശാരീരികമോ മാനസികമോ ആയ അക്രമം എന്നിവ വിലക്കിക്കൊണ്ടുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- വംശം, നിറം, ലിംഗം, മതം, ദേശീയ അല്ലെങ്കിൽ സാമൂഹിക ഉത്ഭവം അല്ലെങ്കിൽ വൈകല്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എല്ലാത്തരം വിവേചനങ്ങളെയും ഈ നിയമം നിരോധിക്കുന്നു.
- സ്ത്രീകളുടെ നിശ്ചിത അവകാശങ്ങൾ ലംഘിക്കാതെ തന്നെ തൊഴിലാളികളെ തൊഴിൽ വിവേചനമില്ലാതെ നിയന്ത്രിക്കുന്ന എല്ലാ വ്യവസ്ഥകളും സ്ത്രീകൾക്ക് ബാധകമാകുമെന്ന് ഈ നിയമ ഭേദഗതികൾ ഊന്നിപ്പറയുന്നു.
- ഒരേ ജോലികൾ ചെയ്യുന്ന സ്ത്രീ, പുരുഷ ജീവനക്കാർക്ക് ഒരേ ശമ്പളം നൽകുന്നതിനുള്ള വ്യവസ്ഥകളും ഈ നിയമം അനുശാസിക്കുന്നു.
പുതിയ തൊഴിൽ രീതികൾ അവലംബിക്കുന്നതിനുള്ള നിയമങ്ങൾ:
തൊഴിലുടമകൾക്ക് തങ്ങളുടെ സ്ഥാപനങ്ങളിലെ തൊഴിൽ ആവശ്യങ്ങൾക്ക് അനുസൃതമായി പുതിയ തൊഴിൽ രീതികൾ അവലംബിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ഏറ്റവും കുറഞ്ഞ പ്രവർത്തന ചെലവിൽ ജീവനക്കാരുടെ ഊർജ്ജത്തിൽ നിന്നും, ഉൽപ്പാദനക്ഷമതയിൽ നിന്നും തൊഴിൽ ആവശ്യകതകൾ നിറവേറ്റുന്നതിന് സഹായിക്കുന്ന പാർട്ട് ടൈം ജോലി, താൽക്കാലിക ജോലി, ഫ്ലെക്സി ജോലികൾ തുടങ്ങിയ തൊഴിൽ രീതികൾ ഇതിന്റെ ഭാഗമായി അനുവദിക്കുന്നതാണ്.
- തൊഴിൽ കരാറുകൾ കാലഹരണപ്പെട്ട, എന്നാൽ ഇപ്പോഴും രാജ്യത്ത് തുടരുന്നവരെ, എളുപ്പവും വഴക്കമുള്ളതുമായ നടപടിക്രമങ്ങളിലൂടെ നിയമിക്കാൻ തൊഴിലുടമകളെ അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിന്റെ ഭാഗമാണ്.
- തൊഴിലാളികൾക്ക് പാർട്ട് ടൈം ജോലിയിലൂടെ ഒരു തൊഴിലുടമയ്ക്ക് കീഴിൽ നിശ്ചിത എണ്ണം മണിക്കൂറുകളോ ദിവസങ്ങളോ ജോലി ചെയ്യാൻ അനുവാദം ലഭിക്കുന്നതാണ്.
- ഒരു നിശ്ചിത കാലയളവ് ആവശ്യമുള്ള ജോലികൾ, അല്ലെങ്കിൽ ഒരു നിർദ്ദിഷ്ട ജോലിയുടെ പൂർത്തീകരണത്തോടെ അവസാനിക്കുന്ന ജോലികൾ എന്നിവയെ താൽക്കാലിക ജോലി എന്ന രീതിയിൽ കണക്കാക്കുന്നതാണ്.
- ജോലിയുടെ അളവും തൊഴിലുടമയുടെ സാമ്പത്തികവും പ്രവർത്തനപരവുമായ ഘടകങ്ങൾക്കനുസരിച്ച് ജോലി സമയമോ പ്രവൃത്തി ദിവസങ്ങളോ മാറുന്ന ജോലികളെ ഫ്ലെക്സിബിൾ വർക്ക് എന്ന രീതിയിൽ കണക്കാക്കുന്നതാണ്.
- തൊഴിൽ കരാറിലെ ഇരു കക്ഷികളും തമ്മിലുള്ള വ്യവസ്ഥകൾ പ്രകാരം യു എ ഇ ദിർഹത്തിലോ മറ്റേതെങ്കിലും കറൻസിയിലോ വേതനം നൽകാനുള്ള സൗകര്യം ഈ നിയമം കമ്പനികൾക്ക് നൽകുന്നു.
- തൊഴിലുടമയുടെ ഉപഭോക്താക്കളുടെ വിവരങ്ങൾ, തൊഴിലുടമയുടെ വ്യാപാര രഹസ്യങ്ങൾ എന്നിവ അറിയാൻ ഇടയുള്ള തൊഴിലുകളിലുള്ള തൊഴിലാളികളെ തൊഴിലുടമയുമായി മത്സരിക്കുന്നതിൽ നിന്നും, തൊഴിലുടമ ചെയ്യുന്ന അതേ ബിസിനസ്സിലെ തന്നെ മത്സര സ്വഭാവമുള്ള മറ്റു സമാനമായ പ്രോജക്ടുകളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കുന്നതിനുള്ള വ്യവസ്ഥകൾ ഈ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വ്യവസ്ഥകൾ തൊഴിൽ കരാർ അവസാനിച്ച് രണ്ട് വർഷത്തേക്ക് വരെ ബാധകമാകുന്നതാണ്.
തൊഴിൽ കരാർ, അവധി, തൊഴിലാളികളുടെ അവകാശങ്ങൾ എന്നിവ സംബന്ധിച്ച പുതിയ വ്യവസ്ഥകൾ:
- മൂന്ന് വർഷത്തിൽ കവിയാത്തതും, രണ്ട് കക്ഷികളുടെയും ധാരണ പ്രകാരം ഒന്നോ അതിലധികമോ സമയത്തേക്ക് നീട്ടുകയോ പുതുക്കുകയോ ചെയ്യുന്നത് അനുവദിക്കുകയും ചെയ്യുന്ന രീതിയിലായിരിക്കും പുതിയ നിയമ പ്രകാരം തൊഴിലുടമയും, തൊഴിലാളിയും തമ്മിലുള്ള നിശ്ചിത-കാല കരാറുകൾ.
- പരിധിയില്ലാത്ത തൊഴിൽ കരാറുകൾ നിശ്ചിതകാല തൊഴിൽ കരാറുകളായി പരിവർത്തനം ചെയ്യണമെന്നും നിയമം അനുശാസിക്കുന്നു.
- ഈ നിയമം തൊഴിലാളികൾക്ക് ആഴ്ച്ച തോറും ശമ്പളത്തോട് കൂടിയ ഒരു വിശ്രമദിനം ലഭിക്കുന്നതിന് അവകാശം നൽകുന്നു. തൊഴിലുടമയുടെ വിവേചനാധികാരത്തിൽ ആഴ്ചതോറുമുള്ള വിശ്രമദിനങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്.
- തൊളിലാളികളുടെ വെക്കേഷന് പുറമെ കുടുംബാംഗങ്ങളുടെ മരണം, മാനുഷിക പരിഗണന ആവശ്യമുള്ള മറ്റു സാഹചര്യങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് മൂന്ന് മുതൽ അഞ്ച് ദിവസം വരെ ലീവ് അനുവദിക്കേണ്ടതാണ്.
- ജീവനക്കാരുടെ പ്രസവാവധി അറുപത് ദിവസം വരെയാക്കിയിട്ടുണ്ട്. ഇതിൽ 45 ദിവസം പൂർണ്ണ വേതനത്തോടെയും, 15 ദിവസം പകുതി വേതനത്തോടെയുമാണ് ഈ അവധി അനുവദിച്ചിരിക്കുന്നത്.
- കുഞ്ഞിന്റെ ജനനത്തെ തുടർന്ന് എന്തെങ്കിലും സങ്കീർണ്ണതകളോ, കുട്ടിയ്ക്ക് എന്തെങ്കിലും അസുഖങ്ങളോ ഉണ്ടെങ്കിൽ വേതനമില്ലാതെ 45 ദിവസത്തേക്ക് കൂടി അധിക അവധിയ്ക്ക് അപേക്ഷിക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. ഇതിനായി മെഡിക്കൽ രേഖകൾ ഹാജരാക്കേണ്ടതാണ്.
- സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് അഞ്ച് ദിവസത്തെ പാറ്റേണിറ്റി അവധി അനുവദിക്കുന്നതാണ്.
- ഒരു തൊഴിലുടമയ്ക്ക് കീഴിൽ രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാർക്ക്, അവർ യു എ ഇയിലെ ഏതെങ്കിലും അംഗീകൃത പഠന സ്ഥാപനങ്ങളിൽ ചേർന്നിട്ടുണ്ടെങ്കിൽ പത്ത് ദിവസത്തെ വരെ സ്റ്റഡി ലീവിന് അർഹതയുണ്ടായിരിക്കുന്നതാണ്.
- തൊഴിലാളിയെ നിയമിക്കുന്നതിനുള്ള റിക്രൂട്ട്മെന്റിന്റെ ഫീസും ചെലവും അടയ്ക്കാനുള്ള ഉത്തരവാദിത്തം തൊഴിലുടമയിലായിരിക്കുമെന്ന് ഈ നിയമം അനുശാസിക്കുന്നു. ഈ തുക തൊഴിലാളിയിൽ നിന്ന് നേരിട്ടോ അല്ലാതെയോ ഈടാക്കരുതെന്നും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.
- അഞ്ച് മണിക്കൂർ തുടച്ചയായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഒരു മണിക്കൂർ ഇടവേള അനുവദിക്കേണ്ടതാണ്.
- ഒരു ദിവസം ഓവർ ടൈം എന്ന രീതിയിൽ പരമാവധി 2 മണിക്കൂർ മാത്രമാണ് അനുവദിക്കുന്നത്. ഇതിൽ കൂടുതൽ ഓവർ ടൈം ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ തൊഴിലാളികൾക്ക് ഓരോ മണിക്കൂറിനും നിശ്ചയിച്ചിട്ടുള്ള വേതനത്തിന് പുറമെ 25 ശതമാനം അധിക വേതനം ഉറപ്പാക്കേണ്ടതാണ്. രാത്രി പത്ത് മണിമുതൽ പുലർച്ചെ നാല് മണിവരെ ഓവർ ടൈം ജോലി ചെയ്യുന്നവർക്ക് ഓരോ മണിക്കൂറിനും നിശ്ചയിച്ചിട്ടുള്ള വേതനത്തിന് പുറമെ 50 ശതമാനം അധിക വേതനം ഉറപ്പാക്കേണ്ടതാണ്. ഷിഫ്റ്റുകളിൽ തൊഴിലെടുക്കുന്നവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
- തൊഴിലാളികളുടെ പാസ്പോർട്ട് പോലുള്ള ഔദ്യോഗിക രേഖകൾ തടഞ്ഞുവയ്ക്കുന്നതും, തൊഴിൽ കരാറിന്റെ അവസാനം രാജ്യം വിടാൻ നിർബന്ധിക്കുന്നതും ഈ നിയമം നിരോധിച്ചിട്ടുണ്ട്. തൊഴിൽ വിപണിയിലെ മറ്റൊരു സ്ഥാപനത്തിലേക്ക് തൊഴിലാളിയെ മാറാൻ അനുവദിക്കുന്നതിനാണ് ഇത് ചെയ്തിരിക്കുന്നത്.
- മന്ത്രാലയം അംഗീകരിച്ച ചട്ടങ്ങൾക്കനുസൃതമായും, ഈ ഉത്തരവ്-നിയമത്തിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസ് വ്യക്തമാക്കിയ വ്യവസ്ഥകൾക്കും നടപടിക്രമങ്ങൾക്കും അനുസൃതമായും നിശ്ചിത തീയതിയിൽ തന്റെ വേതനം നേടാൻ തൊഴിലാളിക്ക് അവകാശം നൽകിയിട്ടുണ്ട്.
- തൊഴിൽ കരാർ കാലഹരണപ്പെടുന്ന സാഹചര്യത്തിൽ മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നതിന് ഈ ഉത്തരവ്-നിയമം അനുവാദം നൽകിയിട്ടുണ്ട്.
- തൊഴിലാളിയുടെ പ്രൊബേഷണറി കാലയളവ് പരമാവധി ആറ് മാസമാക്കി നിജപ്പെടുത്തിയിട്ടുണ്ട്.
- നിയമത്തിന്റെ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്കനുസൃതമായും, പെൻഷനുകൾ നിയന്ത്രിക്കുന്ന നിയമനിർമ്മാണത്തിന് അനുസൃതമായും, ഒരു തൊഴിലാളിക്ക് സേവനാനന്തര ഗ്രാറ്റുവിറ്റിക്ക് അർഹത നൽകിയിട്ടുണ്ട്.
- ഈ നിയമമനുസരിച്ച്, ഒരു സ്ഥാപനത്തിൽ തുടർച്ചയായി ഒന്നോ അതിലധികമോ വർഷം മുഴുവൻ സമയ ജീവനക്കാരനായി ജോലി ചെയ്യുകയും സേവനം പൂർത്തിയാക്കുകയും ചെയ്ത വിദേശ തൊഴിലാളിക്ക് അടിസ്ഥാന വേതനം അനുസരിച്ച് കണക്കാക്കിയ സേവനാനന്തര ആനുകൂല്യങ്ങൾ നൽകേണ്ടതാണ്.
- തൊഴിലാളികൾ, അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ എന്നിവർ നൽകുന്ന നിയമ വ്യവഹാരങ്ങൾ, നിവേദനങ്ങൾ തുടങ്ങിയവയ്ക്ക് 100000 ദിർഹം വരെ മൂല്യമുള്ള ജുഡീഷ്യൽ ഫീസ് ഒഴിവാക്കി നൽകുന്നതാണ്.
Prepared With inputs from WAM.